പഠിച്ചുകഴിഞ്ഞാൽ, ഒരു നല്ല ജോലി എല്ലാവരുടെയും സ്വപ്നമാണ്. അതുകൊണ്ടാണ് നമ്മൾ പ്രിയപ്പെട്ട കോഴ്സ് പഠിക്കുകയും ഇഷ്ടമുള്ള കോളേജിൽ അഡ്മിഷൻ എടുക്കുകയും ചെയ്യുന്നത്. എന്നാൽ ജോലി ലഭിക്കാൻ പാടുപെടുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റുമുണ്ട്. താൻ പഠിച്ച കോഴ്സുമായി ബന്ധപ്പെട്ട ജോലി ലഭിക്കാൻ വിചിത്രമായ വഴി തേടിയ ഒരു യുവാവിന്‍റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. യുവാവിന്‍റെ പേര് ഐസക് ഖ്വാമെ അഡ്ഡെ എന്നാണ്. ജൻമനാട് ഘാനയാണ്. റോഡിൽ വെയിലത്ത് നിന്നാണ് ഐസക് തൊഴിലവസരം തേടിയത്. ആരോ അതിന്‍റെ ഒരു ചിത്രം എടുത്ത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു.
ഈ ചിത്രം നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. ഒന്നര മണിക്കൂർ നീണ്ട കാത്തിരിപ്പിന് ഒടുവിൽ ഫലം കണ്ടു എന്നതാണ് സത്യം. 50 ഓളം കമ്പനികളിൽ നിന്ന് തനിക്ക് ഇപ്പോൾ ജോലി ഓഫറുകൾ ലഭിച്ചിട്ടുണ്ടെന്ന് ഐസക് പറയുന്നു. പ്ലക്കാർഡുമായി റോഡരികിൽ നിൽക്കുന്ന ഫോട്ടോ കണ്ട് പലരും തന്നെ കളിയാക്കിയെന്നും തനിക്ക് സങ്കടമുണ്ടെന്നും എന്നാൽ ആ ശ്രമം ഫലം കണ്ടതിൽ സന്തോഷമുണ്ടെന്നും ഐസക് പറയുന്നു.
ഗട്ടറിനടുത്തു നിൽക്കുന്ന ഐസക്കിന്‍റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ആദ്യത്തെ സ്ഥലത്ത് നിന്നപ്പോൾ നിരവധി പേർ തന്നെ നോക്കി പരിഹസിച്ചു. അവിടെ നിന്ന് വേറെ ഒരു സ്ഥലത്തേക്ക് മാറിനിന്നപ്പോൾ പോസിറ്റീവായ പ്രതികരണങ്ങളാണ് ലഭിച്ചതെന്നും പ്രതീക്ഷ കൈവിടരുതെന്ന് ആളുകൾ ആശംസിച്ചതായും ഐസക് പറയുന്നു. മറൈൻ സയൻസ് ബിരുദധാരിയാണെന്നും ഒരു ജോലി വേണമെന്നുമാണ് പ്ലക്കാർഡിൽ എഴുതിയത്. ജോലി ഉണ്ടെങ്കിൽ വിളിക്കാൻ വേണ്ടി സ്വന്തം ഫോൺ നമ്പറും കൊടുത്തിരുന്നു.