ട്രെയിൻ നേരത്തെ എത്തിയതിൽ ആഹ്ലാദിച്ചുകൊണ്ട് യാത്രക്കാർ പ്ലാറ്റ്ഫോമിൽ നൃത്തം ചെയ്തു. മധ്യപ്രദേശിലെ രത്ലാം സ്റ്റേഷനിൽ നിന്നുള്ളതാണ് ഈ രസകരമായ കാഴ്ച. ബുധനാഴ്ച ബാന്ദ്ര-ഹരിദ്വാർ ട്രെയിൻ 20 മിനിറ്റ് നേരത്തെ സ്റ്റേഷനിൽ എത്തിയിരുന്നു. ഇതോടെ യാത്രക്കാർ ആഹ്ലാദപ്രകടനം നടത്തി.
ഗുജറാത്തി നൃത്തരൂപമായ ‘ഗർ ബ’ അവതരിപ്പിക്കുകയായിരുന്നു യാത്രക്കാർ . അഞ്ചാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നുള്ള ഈ ഹാപ്പി ഷോയുടെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. ബുധനാഴ്ച രാത്രി 10.15 ഓടെയാണ് ട്രെയിൻ സ്റ്റേഷനിലെത്തിയത്.
ട്രെയിൻ 20 മിനിറ്റ് നേരത്തെ എത്തിയതിനാൽ യാത്രക്കാർക്ക് സ്റ്റേഷനിൽ ആകെ അരമണിക്കൂർ സമയം നൽകി. ‘ഒഡ്നി’, ‘ഉദി ഉദി ജായേ’ തുടങ്ങിയ ഗാനങ്ങൾക്ക് യാത്രക്കാർ നൃത്തം ചെയ്തു. യാത്രക്കാർ നൃത്തം ചെയ്യുന്ന വീഡിയോ റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ട്വിറ്ററിലൂടെ പങ്കുവെച്ചു.