Spread the love

യുഎസ്: മുട്ടയെന്ന് കരുതി ഗോൾഫ് പന്തുകൾ വിഴുങ്ങി പാമ്പ്. അമേരിക്കയിലെ വടക്കൻ കൊളറാഡോയിലാണ് സംഭവം. കോഴിക്കൂടിന്‍റെ കമ്പികൾക്കിടയിൽ കുടുങ്ങിയ നിലയിലാണ് പാമ്പിനെ കണ്ടെത്തിയത്. കുടുംബാംഗങ്ങൾ വിവരമറിയിച്ചതിനെ തുടർന്ന് ഇവിടെയെത്തിയ കൊളറാഡോ വൈൽഡ് ലൈഫ് സെന്‍ററിലെ ജീവനക്കാരാണ് പാമ്പിനെ രക്ഷപ്പെടുത്തിയത്. ബുൾ സ്നേക്ക് ഗ്രൂപ്പിൽപ്പെട്ട പാമ്പ് ആണ് മുട്ടയാണെന്ന് കരുതി കൂടിനുള്ളിലുണ്ടായിരുന്ന പന്തുകൾ വിഴുങ്ങിയത്.

പാമ്പിന്‍റെ വയറിനുള്ളിൽ പന്തുകൾ മുഴച്ച് നിൽക്കുന്നതും കാണാമായിരുന്നു. സംരക്ഷണകേന്ദ്രത്തിലേക്ക് കൊണ്ടുവന്ന പാമ്പിന്‍റെ വയറ്റിൽ നിന്ന് പന്തുകൾ പുറത്തുവരാൻ ഏകദേശം 30 മിനിറ്റ് സമയമെടുത്തു. പാമ്പിന്‍റെ കുടലിൽ പന്ത് കുടുങ്ങുകയായിരുന്നു. കെയ്റ്റ്, മിഖേല എന്നീ പ്രവർത്തകരാണ് ശസ്ത്രക്രിയ കൂടാതെ പാമ്പിനുള്ളിൽ കുടുങ്ങിയ പന്തുകൾ നീക്കം ചെയ്തത്. പാമ്പ് ആരോഗ്യവാനാണെന്നും ഷൽക്കങ്ങളിൽ ചെറിയ മുറിവുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും സംരക്ഷണ പ്രവർത്തകർ വിശദീകരിച്ചു. പാമ്പിനെ ആരോഗ്യം വീണ്ടെടുത്ത ശേഷം വിട്ടയക്കാനാണ് തീരുമാനം.

ആവാസവ്യവസ്ഥയിൽ പാമ്പിൻ നിർണായക സ്ഥാനമുണ്ട്. സസ്യങ്ങളിൽ നിന്ന് വിവിധ സ്പീഷീസുകളിലേക്ക് പുഴുക്കളിലേക്കും സൂക്ഷ്മജീവികളിലേക്കും സഞ്ചരിക്കുകയും സസ്യങ്ങളിൽ നിന്ന് വീണ്ടും ആരംഭിക്കുകയും ചെയ്യുന്ന ഭക്ഷ്യശൃംഖലയിലെ മനുഷ്യന്‍റെ ഏറ്റവും വലിയ സുഹൃത്തുക്കളാണ് പാമ്പുകൾ. അവ പ്രധാനമായും രോഗമുണ്ടാക്കുന്ന പ്രാണികളെയും എലികളെയും ഭക്ഷിക്കുന്നു. ലോകത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യധാന്യങ്ങളിൽ 30 ശതമാനവും എലികളോ പ്രാണികളോ ഭക്ഷിക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നതായി കണക്കാക്കപ്പെടുന്നു. സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ലോകത്ത് ഏകദേശം 3,500 ഇനം പാമ്പുകൾ ഉണ്ട്. ഇതിൽ 600 എണ്ണം മാത്രമാണ് വിഷമുള്ള വിഭാഗത്തിൽ പെടുന്നത്.

By newsten