ശക്തമായ കഥാപാത്രങ്ങളുമായി വെള്ളിത്തിരയിലെത്തിയ താരമാണ് ശ്രീദേവി. 1997 ൽ അഭിനയത്തിൽ നിന്ന് ഒരു ഇടവേളയെടുത്ത് പിന്നീട് ബിഗ് സ്ക്രീനിലേക്ക് മടങ്ങിയെത്തിയ ചിത്രമാണ് ഇംഗ്ലീഷ് വിംഗ്ലീഷ്. ഈ വരുന്ന ഒക്ടോബർ 10ന് സിനിമയുടെ പത്താം വാർഷികമാണ്. ഈയവസരത്തിൽ ചിത്രത്തിന്‍റെ സംവിധായിക ഗൗരി ഷിൻഡെ ഒരു പദ്ധതിയുമായി എത്തിയിരിക്കുകയാണ്.
ഇംഗ്ലീഷ് വിംഗ്ലീഷിന്‍റെ പത്താം വാർഷികത്തോടനുബന്ധിച്ച് താൻ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് ഗൗരി ഷിൻഡെ ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞു. ചിത്രത്തിൽ ശ്രീദേവി ധരിച്ച സാരികൾ ലേലം ചെയ്യാൻ ഒരുങ്ങുകയാണ് സംവിധായിക. പാവപ്പെട്ട പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവർത്തിക്കുന്ന ഒരു എൻജിഒയ്ക്ക് ഈ തുക സംഭാവന ചെയ്യുമെന്നും അവർ പറഞ്ഞു. ഇതിനുപുറമെ, ചിത്രത്തിന്‍റെ പ്രത്യേക പ്രദർശനവും ഒക്ടോബർ 10ന് അന്ധേരിയിൽ സംഘടിപ്പിക്കുന്നുണ്ട്.
ഇംഗ്ലീഷ് വിംഗ്ലീഷ് ആണ് ഗൗരി ഷിൻഡെയുടെ ആദ്യ ചിത്രം. ഇംഗ്ലീഷ് ഭാഷ അറിയാത്ത ഒരു വീട്ടമ്മയുടെ വേഷമാണ് ശ്രീദേവി അവതരിപ്പിച്ചത്. ആദിൽ ഹുസൈൻ, പ്രിയ ആനന്ദ്, മെഹ്ദി നെബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.