കൊച്ചി : തിയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാത്തതിനാൽ മലയാള സിനിമയുടെ നിർമ്മാതാക്കൾക്ക് വലിയ നഷ്ടമാണ് ഉണ്ടാകുന്നതെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം രഞ്ജിത്ത്. ജൂൺ 30 വരെ 76 സിനിമകളാണ് മലയാളത്തിൽ റിലീസ് ചെയ്തത്. ഇതിൽ ആറെണ്ണം മാത്രമാണ് വിജയിച്ചതെന്നും രഞ്ജിത്ത് പറഞ്ഞു. ഇനിയൊരിക്കലും തിരിച്ചുവരാൻ കഴിയാത്ത വിധത്തിലാണ് നിർമാതാക്കൾ പ്രതിസന്ധിയിലായതെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു.
ജൂൺ 30 വരെ 76 സിനിമകളാണ് മലയാളത്തിൽ റിലീസ് ചെയ്തത്. ഈ 76 സിനിമകളിൽ 70 എണ്ണവും പരാജയമായിരുന്നു. ആറ് സിനിമകൾ വിജയിച്ചു. 50 ശതമാനം നിർമ്മാതാക്കൾക്കും ഇനി മുന്നോട്ട് വരാൻ കഴിയില്ല. ആ അവസ്ഥയിൽ അവരുടേത് ഒരു പരാജയമാണ്. അവരുടെ പണത്തിന്റെ 100 ശതമാനവും പോയി. ഒരു വാല്യുവും തിയേറ്ററില്‍ ഇല്ലാത്ത ആളുകള്‍, ഈ പറയുന്ന കാശ് വാങ്ങുന്നത് ശരിയാണോ എന്നൊരു ആത്മപരിശോധന നടത്തണം. പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് എത്തിക്കാൻ ഒ.ടി.ടിയിൽ നിന്ന് സിനിമകൾ ഇല്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകുമെന്നും എം.രഞ്ജിത്ത് പറഞ്ഞു.
മലയാള സിനിമയിലെ ഇപ്പോഴത്തെ പ്രതിസന്ധി ചർച്ച ചെയ്യാനാണ് ഫിലിം ചേമ്പര്‍ ചേരുന്നത്. അന്യ ഭാഷാ സിനിമകൾ തീയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുമ്പോൾ മലയാള സിനിമകൾ കാണാൻ ആളില്ലാത്തതിനെ കുറിച്ചാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സംസാരിക്കുന്നത്.