ദേശീയ ചലച്ചിത്രപുരസ്കാരം നേടിയ ‘ആളൊരുക്കം’ എന്ന ചിത്രത്തിന് ശേഷം വി.സി.അഭിലാഷ് സംവിധാനം ചെയ്ത ‘സബാഷ് ചന്ദ്രബോസ്’ 11-ാമത് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ആഫ്രിക്കയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ചിത്രം നവംബർ 9ന് പ്രദർശിപ്പിക്കും. നൈജീരിയയിലെ ലാഗോസ് നഗരത്തിൽ നടക്കുന്ന ഫെസ്റ്റിവൽ ആഫ്രിക്കയിലെ ഏറ്റവും മികച്ച ചലച്ചിത്ര മേളകളിലൊന്നാണ്. സബാഷ് ചന്ദ്രബോസ് മാത്രമാണ് ഈ വർഷം ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുത്തത്.
വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്റണിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒരു പഴയകാല കളർ ടെലിവിഷന്റെ കഥയാണ് പറയുന്നത്. പ്രതികൂല സാഹചര്യങ്ങൾക്കിടയിലും തീയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ചവച്ച ചിത്രം കഴിഞ്ഞ ദിവസം ഒടിടി സ്ക്രീനുകളിലും എത്തിയിരുന്നു. ചിത്രം ആമസോൺ പ്രൈമിൽ ലഭ്യമാണ്.
ഈ വർഷത്തെ കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകളിൽ സംവിധാന മികവിനും വസ്ത്രാലങ്കാരത്തിനും ഈ ചിത്രം അവാർഡുകൾ നേടി. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് സബാഷ് ചന്ദ്രബോസ് തീയേറ്ററുകളിലെത്തിയത്. ജാഫർ ഇടുക്കി, സുധി കോപ്പ, രമ്യ സുരേഷ്, ശ്രീജ ദാസ് എന്നിവരും ചിത്രത്തിലുണ്ട്.