Spread the love

സാൻഫ്രാൻസിസ്‌കോ: ട്വിറ്ററിന്‍റെ 50 ശതമാനം ജീവനക്കാരെയും പിരിച്ചുവിട്ട ശേഷം ഇലോൺ മസ്ക് പുതിയ നിയമനങ്ങൾ നടത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമിലെ 7,500 ജീവനക്കാരിൽ 3,700 പേരെ മസ്ക് കഴിഞ്ഞ ദിവസങ്ങളിൽ പിരിച്ചുവിട്ടിരുന്നു. എന്നാൽ ഇപ്പോൾ കമ്പനിയിലെ പിരിച്ചുവിടൽ പ്രക്രിയകൾ പൂർത്തിയാക്കിയെന്നും വീണ്ടും നിയമനം നടത്തുകയാണെന്നും ട്വിറ്റർ സിഇഒ പറയുന്നു.

എഞ്ചിനീയറിംഗ്, സെയിൽസ് വിഭാഗങ്ങളിൽ നിന്നും പിരിച്ചുവിട്ട തൊഴിലാളികൾക്ക് പകരമായി ട്വിറ്റർ ഇപ്പോൾ പുതിയ ജീവനക്കാരെ നിയമിക്കുകയാണെന്ന് ജീവനക്കാരുമായുള്ള കൂടിക്കാഴ്ചയിൽ മസ്ക് പറഞ്ഞതായാണ് റിപ്പോർട്ട്. മാത്രമല്ല, നിലവിലെ ജീവനക്കാരോട് ഈ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ ശുപാർശ ചെയ്യാനും മസ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. 

പുതിയ റിക്രൂട്ട്മെന്‍റിനായി ട്വിറ്റർ ഇതുവരെ പരസ്യങ്ങളൊന്നും നൽകിയിട്ടില്ല. കമ്പനിക്ക് ആവശ്യമുള്ള എഞ്ചിനീയറിംഗ് അല്ലെങ്കിൽ സെയിൽസ് പോസ്റ്റുകളുടെ പേരും മസ്ക് പറഞ്ഞില്ല. അതേസമയം, സോഫ്റ്റ്‌വെയർ മേഖലയിൽ കൂടുതൽ നിയമങ്ങൾ ഉണ്ടാകും എന്നാണ് സൂചന.  

By newsten