ഹാംപ്ഷെയർ: ഫോൺ നഷ്ടപ്പെട്ട് കുറച്ച് ദിവസങ്ങൾക്ക് ശേഷം തിരികെ ലഭിക്കുന്നത് സാധാരണമാണ്. എന്നാൽ ഫോൺ കടലിൽ പോയാലോ? തിരികെ ലഭിക്കുന്നത് ഒരു വിദൂര സ്വപ്നം മാത്രമാണ്. ഇപ്പോൾ, ഹാംപ്ഷെയറിലെ ഒരു യുവതിക്ക് കടലിൽ നഷ്ടപ്പെട്ട തൻ്റെ ഫോൺ തിരികെ ലഭിച്ചിരിക്കുകയാണ്, അതും 465 ദിവസത്തിന് ശേഷം.
ക്ലെയറിന്‍റെ ഐഫോൺ 8 പ്ലസ് ഒന്നേകാൽ വർഷത്തിന് ശേഷമാണ് നിസാരമായ പോറലുകളുമായി തിരികെ ലഭിച്ചത്. നായയോടൊപ്പം നടക്കാൻ പോയ ഒരാളാണ് ഫോൺ കരയിൽ കിടക്കുന്നത് കണ്ടത്. ഫോൺ കേസിലുണ്ടായിരുന്ന യുവതിയുടെ അമ്മയുടെ മെഡിക്കൽ കാർഡിലെ വിശദാംശങ്ങൾ ഉപയോഗിച്ച് ഇയാൾ ഫോൺ തിരികെ നൽകുകയായിരുന്നു.
ഫോൺ ഇപ്പോഴും പൂർണ്ണമായും ഉപയോഗയോഗ്യമാണ്. യാഹൂ ന്യൂസിന്‍റെ റിപ്പോർട്ട് പ്രകാരം 39 കാരിയായ ക്ലെയറിന്‍റെ ഫോൺ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അബദ്ധത്തിൽ കടലിൽ വീണിരുന്നു. ഫോൺ തിരികെ കിട്ടുമെന്ന പ്രതീക്ഷ ക്ലെയറിന് ഉണ്ടായിരുന്നില്ല. ഫോൺ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും യുവതി പ്രതികരിച്ചു.