Spread the love

നിർമ്മാണ ചെലവ് വർദ്ധിച്ചതോടെ, രാജ്യത്തെ ഭവന വിലയും കുത്തനെ ഉയർന്നു. എട്ട് പ്രധാന നഗരങ്ങളിലെ ഭവന വില ജനുവരി-മാർച്ച് കാലയളവിൽ 11% വരെ ഉയർന്നതായാണ് റിപ്പോർട്ട്. ഇതേ കാലയളവിൽ, ഡൽഹിയിലെ ഭവനങ്ങളുടെ വില 11% ഉയർന്ന് ചതുരശ്രയടിക്ക് 7,363 രൂപയായി. ഹൈദരാബാദിൽ ഇത് 9 ശതമാനം ഉയർന്ന് ചതുരശ്ര അടിക്ക് 9,232 രൂപയായും അഹമ്മദാബാദിൽ 8 ശതമാനം ഉയർന്ന് 5,721 രൂപയായും കൊൽക്കത്തയിൽ 6 ശതമാനം ഉയർന്ന് 6,245 രൂപയായും ഉയർന്നു. പൂനെയിൽ ഈ വർഷം ആദ്യ പാദത്തിൽ റെസിഡൻഷ്യൽ പ്രോപ്പർട്ടികളുടെ വില 3 ശതമാനം ഉയർന്ന് ചതുരശ്രയടിക്ക് 7,485 രൂപയായി. രാജ്യത്തെ ഭവന വിലയിൽ ശരാശരി 4 ശതമാനം വർദ്ധനവുണ്ടായി. അതേസമയം, സംസ്ഥാനത്തെ ഭവന വിൽപ്പനയും കുത്തനെ ഉയർന്നിട്ടുണ്ട്, ഇത് റെസിഡൻഷ്യൽ മാർക്കറ്റ് വീണ്ടെടുക്കലിൻറെ പാതയിലാണെന്ന് സൂചിപ്പിക്കുന്നു. നഗരപ്രദേശങ്ങളിലാണ് ഭവന വിൽപ്പന കൂടുതൽ പ്രചാരത്തിലുള്ളത്. സംസ്ഥാനത്തെ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ കൊച്ചി വിൽപ്പനയിൽ മുന്നിലാണ്. തിരുവനന്തപുരം, തൃശ്ശൂർ, കോഴിക്കോട് എന്നിവിടങ്ങളിലും വിൽപ്പന വർധിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് മേഖല ഒച്ചിൻറെ വേഗതയിലാണ്. ഭവന വിൽപ്പന വർദ്ധിക്കുന്നതോടെ ഈ മേഖലയിൽ നിക്ഷേപം വരുമെന്നും റിയൽ എസ്റ്റേറ്റ് മേഖല ശക്തിപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു.

By newsten