സിഡ്നി: ടി20 ലോകകപ്പിന് സിഡ്നിയിലെത്തിയ ടീം ഇന്ത്യയ്ക്ക് ഒരുക്കിയ സൗകര്യങ്ങൾ കുറഞ്ഞുപോയത് വലിയ ചർച്ചയായിരിക്കുകയാണ്.
വേദിയിൽ നിന്ന് 42 കിലോമീറ്റർ അകലെയാണ് ടീമിനെ പാർപ്പിച്ചിരുന്നത്. സിഡ്നിയിലെ പരിശീലനത്തിന് ശേഷം കളിക്കാർക്ക് നൽകിയ ഭക്ഷണം മോശമാണെന്നതായിരുന്നു മറ്റൊരു പ്രധാന പരാതി. ഗുണനിലവാരമില്ലാത്ത തണുത്ത സാന്ഡ്വിച്ച് ഇന്ത്യൻ ടീമിന് വിതരണം ചെയ്തുവെന്നായിരുന്നു ആരോപണം. ആരോപണങ്ങൾക്ക് മറുപടിയുമായി ലോകകപ്പിന്റെ സംഘാടകരായ ഐസിസി രംഗത്തെത്തി.
“പരിശീലനത്തിന് ശേഷം ലഭിച്ച ഭക്ഷണത്തെക്കുറിച്ച് ഇന്ത്യൻ ടീം സംസാരിച്ചു. പ്രശ്നം എന്താണെന്ന് കണ്ടെത്തി പരിഹരിക്കാനുള്ള ശ്രമത്തിലാണ്. ഉച്ചഭക്ഷണത്തിന് ശേഷം ചൂടുള്ള ഭക്ഷണങ്ങളൊന്നും ഐസിസി നൽകുന്നില്ല. ആതിഥേയ അസോസിയേഷനാണ് ഭക്ഷണം ഒരുക്കുന്നത്. തീർച്ചയായും, കളിക്കാർക്ക് ചൂടുള്ള ഇന്ത്യൻ ഭക്ഷണം ലഭിക്കും. എന്നാൽ ഐസിസി ടൂർണമെന്റുകളിൽ, എല്ലാ ടീമുകൾക്കും രീതികൾ ഒരുപോലെയാണ്,” ഐസിസി വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.