Spread the love

കനത്ത മഴയും കാറ്റും ഡൽഹിയിലെ ചുട്ടുപൊള്ളുന്ന ചൂടിൽ നിന്നും ആശ്വാസം നൽകി. ഇന്നലെ പുലർച്ചെയുണ്ടായ ശക്തമായ ഇടിമിന്നലോട് കൂടിയ കാറ്റിലും മഴയിലും വീടുകൾ തകർന്ന് എട്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയിലും കനത്ത മഴ പെയ്തു. ഗതാഗതക്കുരുക്കും വൈദ്യുതി വിതരണവും തടസ്സപ്പെട്ടതോടെ പലയിടത്തും വാഹനഗതാഗതം സ്തംഭിച്ചു. കാറ്റും മഴയും കാരണം വിമാന സർവീസുകളും താറുമാറായി. പരമാവധി താപനില 49 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന ഡൽഹിയിൽ അപ്രതീക്ഷിതമായി പെയ്ത മഴ ഏറെ ആശ്വാസം നൽകി.

കനത്ത മഴയിലും കാറ്റിലും ജവൽപുരി, ഗോകൽപുരി, ശങ്കർ റോഡ്, മോട്ടി നഗർ എന്നിവിടങ്ങളിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. നഗരത്തിൽ 44 സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി വീണ് നാശനഷ്ടമുണ്ടായതായി കോർപ്പറേഷൻ അധികൃതർ പറഞ്ഞു. മോട്ടി ബാഗിൽ കാറിൻ മുകളിൽ മരം വീണെങ്കിലും യാത്രക്കാർ രക്ഷപ്പെട്ടു. ഡൽഹി കൻറോണ്മെൻറിലും ധൗല കുവയിലും കാറുകൾക്കു മുകളിൽ മരങ്ങൾ വീണെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണ് വൈദ്യുതി ലൈനുകളിൽ വീണതിനാൽ പലയിടത്തും വൈദ്യുതി മുടങ്ങി.

ഐടിഒ, ഡിഎൻഡി ഫ്ളൈഓവർ, നർസിംഗ്പൂർ-ജയ്പൂർ റോഡ്, പൂൾ പ്രഹ്ലാദ്പൂർ അണ്ടർപാസ്, വസന്ത് വിഹാർ തുടങ്ങിയ സ്ഥലങ്ങളിൽ മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ട് കാരണം ഗതാഗതക്കുരുക്ക് രൂക്ഷമായി. കനത്ത മഴയെത്തുടർന്ന് ഗുരുഗ്രാമിലും ഗതാഗതക്കുരുക്കും വൈദ്യുതി തടസ്സവും അനുഭവപ്പെട്ടു. റോഡുകളിലെ വെള്ളക്കെട്ട് കാരണം ചിലയിടങ്ങളിൽ വൻ ഗതാഗതക്കുരുക്ക് മണിക്കൂറുകളോളം നീണ്ടുനിന്നു. മരങ്ങൾ വീണ് യാത്ര തടസ്സപ്പെട്ടു. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ 2,500 പൊലീസുകാരെ വിന്യസിച്ചതായി ട്രാഫിക് ഡിസിപി രവീന്ദർ കുമാർ തോമർ പറഞ്ഞു.

By newsten