ഡബ്ലിന്‍: മഴ മൂലം മത്സരം വൈകിയെങ്കിലും ഇന്ത്യ വിജയം വൈകിച്ചില്ല. 12 ഓവറാക്കി ചുരുക്കിയ അയർലൻഡിനെതിരെയുള്ള ഒന്നാം ട്വന്റി20 മത്സരത്തിൽ ഇന്ത്യയുടെ ജയം 7 വിക്കറ്റിന്. 29 പന്തിൽ 47 റൺസെടുത്തു പുറത്താകാതെ നിന്ന ദീപക് ഹൂഡയാണ് ഇന്ത്യയുടെ ടോപ് സ്കോറർ.
ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (12 പന്തിൽ 24), ഓപ്പണർ ഇഷാൻ കിഷൻ (11 പന്തിൽ 26) എന്നിവരും ഇന്ത്യൻ ഇന്നിങ്സിൽ തിളങ്ങി. 3 ഓവറിൽ 11 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത യുസ്‌വേന്ദ്ര ചെഹലാണ് പ്ലെയർ ഓഫ് ദ് മാച്ച്.
ഇഷാൻ കിഷൻ 11 പന്തിൽ മൂന്നു ബൗണ്ടറികളുടെയും രണ്ടു സിക്സറുകളുടെയും അകമ്പടിയോടെ 26 റണ്സെടുത്തു. പരിക്കിൽ നിന്ന് മോചിതനായ സൂര്യകുമാർ ആദ്യ മത്സരത്തിൽ തന്നെ ഡക്കിനായി മടങ്ങി. ഇഷാൻ കിഷനെയും സൂര്യകുമാർ യാദവിനെയും ക്രെയ്ഗ് യംഗ് ഒരോവറിൽ പുറത്താക്കി. മറുപടി ബാറ്റിങ്ങിൽ തകർത്തടിച്ച ഇഷാൻ ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകി. നേരിട്ട 11 പന്തുകളിൽ ഇഷാൻ 3 ഫോറും 2 സിക്സുമടിച്ചു. സൂര്യകുമാർ യാദവ് ഗോൾഡൻ ഡക്ക് ആയി മടങ്ങിയെങ്കിലും പിന്നാലെ വന്ന ഹാർദിക് സ്കോറിങ് വേഗം കുറച്ചില്ല. 8–ാം ഓവറിൽ ഹാർദികും പുറത്തായെങ്കിലും ഹൂഡയും ദിനേഷ് കാർത്തിക്കും (5) ചേർന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു.