Spread the love

മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം വേണമെന്ന് അതിജീവിത ആവശ്യപ്പെട്ടു. ദൃശ്യങ്ങൾ ചോർന്നത് തന്റെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്നും സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം വേണമെന്നും നടി ആവശ്യപ്പെട്ടു. അന്വേഷണ സംഘത്തിനു കൂടുതൽ സമയം നൽകണമെന്നും അതിജിവിത പറഞ്ഞു. അതേസമയം നടിയെ ആക്രമിച്ച കേസിലെ ഡിജിറ്റൽ രേഖകൾ പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
ദിലീപിന്റെ വാദം തെറ്റാണെന്നും ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കി. നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയും വിചാരണക്കോടതിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇപ്പോൾ കോടതിയിൽ നടക്കുന്നത് നാടകമാണെന്നും ഭാഗ്യലക്ഷ്മി വിമർശിച്ചു. കോടതികളിൽ വിധികൾ ഇതിനകം എഴുതപ്പെട്ടിരുന്നു. ഇപ്പോൾ പ്രഖ്യാപിക്കാൻ ഒരു ദിവസമേ ഉള്ളൂ. പ്രോസിക്യൂട്ടർമാർ ഹർജികളുമായി വരുമ്പോൾ കോടതിമുറിക്കുള്ളിൽ അപമാനിക്കപ്പെടുന്നു. എന്നാൽ എന്തുകൊണ്ടാണ് പ്രോസിക്യൂട്ടർമാർ കേസിൽ നിന്ന് പിൻമാറിയതെന്ന് കോടതി ചോദിച്ചില്ല. കോടതിക്ക് ഉന്നതരോട് ഒരു സമീപനവും ദരിദ്രരോട് മറ്റൊരു സമീപനവുമാണ് ഉള്ളതെന്നും ഭാഗ്യലക്ഷ്മി ആരോപിച്ചു.

എന്നാൽ നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് ദിലീപ് പറഞ്ഞു. വീഡിയോ കോടതി പരിശോധിച്ചിരുന്നെങ്കിൽ എന്താണ് തെറ്റെന്നും അന്വേഷണത്തിൻറെ വിശദാംശങ്ങൾ ഇപ്പോഴും മാധ്യമങ്ങളിലൂടെ പുറത്തുവരുന്നുണ്ടെന്നും ഇതിൻ പിന്നിൽ പ്രോസിക്യൂഷനും അന്വേഷണ സംഘവുമാണെന്നും ദിലീപ് കോടതിയെ അറിയിച്ചു. വിചാരണ ഒഴിവാക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. അഭിഭാഷകരെപ്പോലും പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

By newsten