നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ കൂടുതൽ സമയം നീട്ടി നൽകരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് എതിർ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. ഇതും ഇന്ന് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരും.
മെയ് 31 നകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് സാവകാശം തേടി പ്രോസിക്യൂഷൻ കോടതിയെ സമീപിക്കുന്നത്.
നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിൻ സാവകാശം തേടി ഹൈക്കോടതിയിൽ ഹർജി നൽകിയതിന് പിന്നാലെയാണ് കുറ്റപത്രം സമർപ്പിക്കേണ്ടെന്ന് ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. പുതിയ നിർണായക തെളിവുകൾ ലഭിച്ചതിനാൽ അന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസത്തെ സാവകാശം തേടി ഹൈക്കോടതിയെ സമീപിച്ചതായി ക്രൈംബ്രാഞ്ച് വിചാരണ കോടതിയെ അറിയിച്ചു.