നടിയെ ആക്രമിച്ച കേസിൽ രാജിവച്ച സ്പെഷ്യൽ പ്രോസിക്യൂട്ടർക്ക് പകരം പുതിയ ആളെ നിയമിക്കാൻ സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കെ സുധാകരൻ എംപി. ഇക്കാലയളവിൽ രണ്ട് സ്പെഷ്യൽ പ്രോസിക്യൂട്ടർമാർ രാജിവച്ചിരുന്നു. രണ്ടാമത്തെ സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജിവച്ച് മാസങ്ങൾ കഴിഞ്ഞിട്ടും സർക്കാർ ഇതുവരെ പുതിയയാളെ നിയമിച്ചിട്ടില്ല. സർക്കാർ അതിജീവിതയ്ക്കൊപ്പമായിരുന്നെങ്കിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജിവച്ചാലുടൻ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുമായിരുന്നെന്നും സുധാകരൻ പറഞ്ഞു.
കുറ്റപത്രം സമർപ്പിച്ച് കേസ് ഒതുക്കിത്തീർക്കാനുള്ള തിടുക്കപ്പെട്ട ശ്രമത്തിനു പിന്നിൽ ദുരൂഹതയുണ്ട്. അതിജീവിതയ്ക്ക് നീതി നിഷേധിക്കാനായിരുന്നു സർക്കാരിന്റെ നടപടി. തുടരന്വേഷണം ഈ മാസം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും ഒരു പ്രത്യേക സാഹചര്യത്തിൽ കേസ് അന്വേഷിക്കാൻ കൂടുതൽ സമയം ആവശ്യപ്പെടാൻ സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം.
അന്വേഷണത്തിനു കൂടുതൽ സമയം ആവശ്യപ്പെടാത്ത സർക്കാർ നടപടിക്കെതിരെയും കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കത്തിനെതിരെയും കേരള സമൂഹത്തിൽ നിന്ന് ശക്തമായ വിമർശനം ഉയർന്നപ്പോഴാണ് കുറ്റപത്രം സമർപ്പിക്കാൻ സമയം നീട്ടാൻ തീരുമാനിച്ചത്. നടിയെ അപമാനിച്ചതിനു സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ, മന്ത്രി ആന്റണി രാജു എന്നിവർ പരസ്യമായി മാപ്പ് പറയണമെന്നും സുധാകരൻ പറഞ്ഞു.