ആന്ധ്രാ പ്രദേശിലെയും തെലങ്കാനയിലെയും നിർമ്മാതാക്കൾ തിയേറ്ററുടമകൾക്ക് പുതിയ നിർദ്ദേശവുമായി രംഗത്തെത്തി. വരാനിരിക്കുന്ന ദസറ, സംക്രാന്തി സീസണുകളിൽ തെലുങ്ക് ചിത്രങ്ങൾക്ക് പ്രാധാന്യം നൽകണമെന്നും ഡബ്ബ് ചെയ്യുന്ന സിനിമകൾ ഗൗരവമായി പരിഗണിക്കേണ്ടെന്നുമാണ് നിർദ്ദേശം. തെലുങ്ക് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.
വർദ്ധിച്ച് വരുന്ന തെലുങ്ക് സിനിമകളുടെ നിർമ്മാണച്ചെലവ്, നിർമ്മാതാക്കളുടെ ക്ഷേമം, തെലുങ്ക് സിനിമാ വ്യവസായത്തിന്‍റെ രക്ഷ എന്നിവ കണക്കിലെടുത്താണ് ഈ നിർദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നതെന്ന് പത്രക്കുറിപ്പിൽ പറയുന്നു. 2019 ൽ നടന്ന നിർമ്മാതാക്കളുടെ യോഗത്തിലാണ് ഈ ആവശ്യം നേരത്തെ പരിഗണിച്ചത്. അന്നത്തെ നിർദ്ദേശങ്ങൾ പരിഗണിച്ചാണ് ഈ വർഷത്തെ ഉത്സവ സീസണിൽ ഡബ്ബ് ചെയ്ത ചിത്രങ്ങൾ വ്യാപകമായി റിലീസ് ചെയ്യേണ്ടെന്ന് നിർമ്മാതാക്കൾ തീരുമാനിച്ചത്.
2023 ജനുവരിയിൽ നടക്കുന്ന ദസറ, സംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി വലിയ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ചിരഞ്ജീവി നായകനായ വാൾട്ടർ വീരയ്യ, നന്ദമുരി ബാലകൃഷ്ണയുടെ വീര നരസിംഹ റെഡ്ഡി, അഖിൽ അക്കിനേനി, മമ്മൂട്ടി എന്നിവർ ഒന്നിക്കുന്ന ഏജന്‍റ് എന്നിവയാണ് പ്രധാന തെലുങ്ക് റിലീസുകൾ. ഇതിനൊപ്പം വിജയിയുടെ ‘വാരിസ്’, അജിത്തിന്‍റെ ‘തുണിവ്’ എന്നിവയും ഡബ്ബ് ചെയ്ത് റിലീസ് ചെയ്യുന്നുണ്ട്.