കൊവിഡ് കാലം പ്രതികൂലമായി ബാധിച്ച മേഖലകളിലൊന്നാണ് സിനിമാ വ്യവസായം. ഇന്ത്യയിലെ ഒന്നാം നമ്പർ സിനിമാ വ്യവസായം എന്ന ഖ്യാതി ബോളിവുഡിന് നഷ്ടപ്പെട്ടപ്പോൾ തെലുങ്ക് സിനിമയാണ് ആ സ്ഥാനത്തേക്ക് കുതിച്ചത്. പക്ഷേ, അവിടെയും കാര്യങ്ങൾ അത്ര ശുഭമല്ല. കോവിഡ് കാലത്തിന് ശേഷം വരുമാനം കുറഞ്ഞുവെന്നും ചെലവ് വർദ്ധിച്ചുവെന്നും തെലുങ്ക് നിർമ്മാതാക്കൾ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിലെ അഭിനേതാക്കളുമായും സാങ്കേതിക വിദഗ്ധരുമായും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നടത്തിയ ചർച്ച പരാജയപ്പെട്ടു. ഇതേതുടർന്ന് ഓഗസ്റ്റ് 1 മുതൽ സിനിമകളുടെ ചിത്രീകരണം നിർത്തിവയ്ക്കും. ഷൂട്ടിംഗ് നിർത്തിവയ്ക്കുന്നതിലേക്ക് നയിച്ച സാഹചര്യങ്ങൾ വിശദീകരിച്ച് ആക്ടീവ് തെലുങ്ക് ഫിലിം പ്രൊഡ്യൂസേഴ്സ് ഗിൽഡ് പത്രക്കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. “ഈ മേഖല നേരിടുന്ന നിലവിലെ പ്രതിസന്ധിയെക്കുറിച്ച് ചർച്ച ചെയ്യേണ്ടത് ചലച്ചിത്ര പ്രവർത്തകർ എന്ന നിലയിൽ ഞങ്ങളുടെ ഉത്തരവാദിത്തമാണ്, വ്യവസായത്തെ കൂടുതൽ ആരോഗ്യകരമായ അന്തരീക്ഷത്തിലേക്ക് കൊണ്ടുവരേണ്ടതുണ്ട്,” കുറിപ്പിൽ പറയുന്നു.