ജിയോ ബേബി സംവിധാനം ചെയ്യുന്ന മമ്മൂട്ടി-ജ്യോതിക ചിത്രം കാതലിന്റെ ലൊക്കേഷനിൽ എത്തി സൂര്യ. കോലഞ്ചേരി ബ്രൂക്ക്സൈഡ് ക്ലബ്ബിൽ നടന്ന ചിത്രീകരണത്തിനിടെയാണ് സൂര്യ ലൊക്കേഷനിലെത്തിയത്. മമ്മൂട്ടി, ജ്യോതിക, കാതൽ ടീം എന്നിവർക്കൊപ്പം സമയം ചെലവഴിച്ച ശേഷമാണ് താരം മടങ്ങിയത്.
കഴിഞ്ഞ ദിവസം ഷൂട്ടിങ്ങിനിടെ ഒരാൾ പകർത്തിയ മമ്മൂക്കയുടെ സ്ഥാനാർഥിയായുള്ള പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് മമ്മൂട്ടി കമ്പനി നിർമ്മാണം നിർവഹിക്കുന്ന കാതൽ വിതരണം ചെയ്യുന്നത്. സിനിമാപ്രേമികളെ സംബന്ധിച്ചിടത്തോളം, റോഷാക്കും നൻപകൽ നേരത്തു മയക്കവും സമ്മാനിച്ച മമ്മൂട്ടി കമ്പനി കാതലിലൂടെ മലയാള സിനിമയ്ക്ക് ഒരു പുതിയ ആസ്വാദന തലം നൽകുമെന്ന് ഉറപ്പാണ്.
ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ആദർശ് സുകുമാരൻ, പോൾസൺ സക്കറിയ എന്നിവർ ചേർന്ന് തിരക്കഥയെഴുതുന്ന ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ് എസ് ജോർജാണ്. ഛായാഗ്രഹണം സാലു കെ തോമസ്.