ന്യൂഡല്‍ഹി: ബോക്സോഫീസ് ഹിറ്റായ ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പായ ‘ഭീംല നായക്’ ഹിന്ദിയിൽ റിലീസ് ചെയ്യുന്നതിനുള്ള വിലക്ക് ഡൽഹി ഹൈക്കോടതി പിൻവലിച്ചു. ചിത്രത്തിന്റെ പകർപ്പവകാശം കൈവശമുള്ള വ്യക്തിക്ക് ഏത് ഭാഷയിലും ഡബ്ബ് ചെയ്യാനും സബ്ടൈറ്റിൽ ചെയ്യാനും അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഡൽഹി ഹൈക്കോടതി സ്റ്റേ നീക്കിയത്.
2020 ൽ പുറത്തിറങ്ങിയ അയ്യപ്പനും കോശിയും എന്ന ചിത്രം ഹിന്ദിയിൽ ഡബ്ബ് ചെയ്യാനും റിലീസ് ചെയ്യാനും ചിത്രത്തിന്റെ നിർമ്മാതാക്കൾ ജെഎ എന്റർടെയ്ൻമെന്റിന് അനുമതി നൽകിയിരുന്നു. ഇതിനായി നിർമ്മാതാക്കൾ കമ്പനിയുമായി പകർപ്പവകാശ കരാറിൽ ഒപ്പുവച്ചു.കരാർ പ്രകാരം ജെഎ എന്റർടെയ്ൻമെന്റിന് സിനിമ മറ്റ് ഭാഷകളിൽ ഡബ്ബ് ചെയ്യാനുള്ള അവകാശവും നൽകി.
അതേസമയം അയ്യപ്പനും കോശിയും തെലുങ്കിൽ ഡബ്ബ് ചെയ്ത് റിലീസ് ചെയ്യാനുള്ള അവകാശം സിത്താര എന്റർടെയ്ൻമെന്റ്സ് എന്ന കമ്പനിക്ക് നിർമ്മാതാക്കൾ കൈമാറിയിട്ടുണ്ട്. ഇതിനായി കരാർ ഒപ്പിട്ടു. ചിത്രം ഡബ്ബ് ചെയ്ത് മറ്റ് ഭാഷകളിൽ റിലീസ് ചെയ്യാനുള്ള അവകാശം സിതാര എന്റർടെയ്ൻമെന്റ്സിനും കമ്പനി നൽകിയിട്ടുണ്ട്. സിത്താര എന്റർടൈൻമെന്റ്സ് അയ്യപ്പനും കോശിയും തെലുങ്ക് പതിപ്പ് ഭീംല നായക് എന്ന പേരിൽ പുറത്തിറക്കി. പവൻ കല്യാൺ, റാണ ദഗ്ഗുബാട്ടി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.