പി സി ജോർജിന് ഞായറാഴ്ച രാവിലെ 11 മണിക്ക് ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർക്ക് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ നോട്ടീസ് നൽകി. തൃക്കാക്കരയിൽ പ്രചാരണത്തിനിറങ്ങുന്ന ഞായറാഴ്ചയാണ് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുള്ളത്.
കലാശക്കൊട്ട് ദിവസം തൃക്കാക്കരയിൽ പോകുമെന്നും മുഖ്യമന്ത്രിക്കെതിരെ ഉൾപ്പെടെ തനിക്ക് പറയാനുള്ളത് പറയുമെന്നും ജാമ്യത്തിലിറങ്ങിയ ശേഷം ജോർജ് പറഞ്ഞിരുന്നു. എന്നാൽ , ഇപ്പോൾ ലഭിച്ച നോട്ടീസ് പ്രകാരം നാളെ തിരുവനന്തപുരത്തേക്ക് പോകേണ്ടി വന്നാൽ തൃക്കാക്കരയിലേക്ക് ചെല്ലാൻ കഴിയില്ല. ഇത് തടയുക എന്ന ലക്ഷ്യത്തോടെയാണ് രാഷ്ട്രീയ നാടകം അരങ്ങേറുന്നതെന്ന് പി സി ജോർജിനെ അനുകൂലിക്കുന്നവർ പറയുന്നു.
തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസിന്റെ ഭാഗമായി തന്നോട് കൂടുതൽ വിശദാംശങ്ങൾ ചോദിക്കാനുണ്ടെന്നും അതിനായി ഹാജരാകേണ്ടതുണ്ടെന്നും ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ എസ് സുധാകരൻ ഷാജി അറിയിച്ചുകൊണ്ടാണ് പി സി ജോർജിന് നോട്ടീസ് അയച്ചിട്ടുള്ളത്. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നതുൾപ്പെടെയുള്ള ഉപാധികളോടെയാണ് പി സി ജോർജിനു ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ശാസ്ത്രീയ പരിശോധന ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഹാജരാകാനും കോടതി നിർദ്ദേശിച്ചിരുന്നു.