മുസാഫര്‍പുര്‍: വിദ്യാർത്ഥികൾ ക്ലാസിൽ പഠിക്കാൻ വരാത്തതിൽ വ്യത്യസ്തമായ പ്രതിഷേധവുമായി അധ്യാപകൻ. തന്റെ രണ്ട് വര്‍ഷത്തേയും ഒന്‍പത് മാസത്തേയും ശമ്പളത്തുകയായ 23.8 ലക്ഷമാണ് മുസാഫര്‍പുറിലെ നിതീശ്വര്‍ കോളേജിലെ ഹിന്ദി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ലല്ലന്‍ കുമാര്‍ തിരികെ നല്‍കിയത്. എന്നാൽ, പണം തിരികെ സ്വീകരിക്കാൻ അധികൃതർ തയ്യാറല്ല.
കുട്ടികളെ പഠിപ്പിക്കാനാണ് താന്‍ ശമ്പളം വാങ്ങുന്നത് എന്നാല്‍ കുട്ടികള്‍ എത്തുന്നില്ലെങ്കില്‍ പിന്നെന്തിനാണ് തനിക്ക് ശമ്പളം എന്നാണ് ലല്ലന്‍ കുമാര്‍ ചോദിക്കുന്നത്. കുട്ടികളെ സര്‍വകലാശാല ഇടപെട്ട് മറ്റൊരു കോളേജിലേക്ക് മാറ്റണം എന്നാണ് അധ്യാപകന്റെ ആവശ്യം. താന്‍ ജോലിയില്‍ പ്രവേശിച്ചപ്പോള്‍ തന്നെ പി.ജി ക്ലാസുകളില്‍ പഠിപ്പിക്കാന്‍ അനുവദിച്ചില്ലെന്നും തന്നെക്കാള്‍ കുറഞ്ഞ റാങ്കില്‍ ജോലിയില്‍ പ്രവേശിച്ചവരെ അതിന് നിയോഗിക്കുയും ചെയ്തുവെന്നും അദ്ദേഹം പറയുന്നു
ട്രാൻസ്ഫർ ലിസ്റ്റിൽ നിന്ന് തന്റെ പേർ മനപ്പൂർവ്വം നീക്കം ചെയ്തതാണെന്നും ലല്ലൻ കുമാർ ആരോപിച്ചു. എന്നാൽ, കഴിഞ്ഞ രണ്ട് വർഷമായി വിദ്യാർത്ഥികൾ ക്ലാസുകളിൽ പങ്കെടുക്കുന്നില്ലെന്ന വാദം ശരിയല്ലെന്ന് പ്രിൻസിപ്പൽ മനോജ് കുമാർ പറഞ്ഞു. “കൊവിഡ് മഹാമാരിയെ തുടർന്ന് ക്ലാസുകൾ തടസ്സപ്പെട്ടു. അതുപോലെ, ഒരു ട്രാൻസ്ഫർ വേണമെങ്കിൽ, അദ്ദേഹത്തിന് എന്നെ നേരിട്ട് കാണുകയും അക്കാര്യം പറയുകയും ചെയ്യാമായിരുന്നു,” പ്രിൻസിപ്പൽ പറഞ്ഞു.