കുവൈത്ത് സിറ്റി: 15 നും 18 നും ഇടയിൽ പ്രായമുള്ളവർക്ക് പ്രത്യേക വർക്ക് പെർമിറ്റ് ആവശ്യമാണെന്ന് മാൻപവർ പബ്ലിക് അതോറിറ്റി മീഡിയ ഡയറക്ടർ അസീൽ അൽ മസൈദ് അറിയിച്ചു . അവരുടെ പ്രായം, ചെയ്യുന്ന ജോലിയുടെ തരം, ജോലി സമയം എന്നിവ വ്യക്തമാക്കുന്ന എംപ്ലോയ്മെന്റ് പെർമിറ്റില്ലാതെ ജോലി ചെയ്യിച്ചാൽ തൊഴിലുടമ നിയമനടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി. ഭാരമേറിയതും അപകടകരവുമായ ജോലികൾ ചെയ്യാൻ കുട്ടികളെ പ്രേരിപ്പിക്കരുത്. ഒരു ദിവസം പരമാവധി ആറ് മണിക്കൂർ ജോലി ചെയ്യാം. തുടർച്ചയായി നാല് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യിക്കരുത് . നാല് മണിക്കൂറിന് ശേഷം, ഒരു മണിക്കൂറിൽ കുറയാത്ത വിശ്രമം അനുവദിക്കണം.
18 വയസ്സിന് താഴെയുള്ളവരെ അവധി ദിവസങ്ങളിലും അധിക സമയങ്ങളിലും ജോലി ചെയ്യിക്കുന്നത് നിയമവിരുദ്ധമാണ്. ഈ പ്രായപരിധിയിലുള്ളവർക്ക് രാത്രി 7 മണി മുതൽ രാവിലെ 6 മണി വരെ ജോലി ചെയ്യുന്നതിൽ നിന്ന് വിലക്കുണ്ട്. 15 വയസ്സിന് താഴെയുള്ളവരെ ഒരു ജോലിയും ചെയ്യിക്കരുത്. ‘സുരക്ഷിതവും സന്തുലിതവുമായ കുട്ടിക്കാലം’ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച കാമ്പയിനിന്റെ ഭാഗമായി നടന്ന പരിപാടിയിലാണ് അസീൽ അൽ മസൈദ് ഇക്കാര്യം വിശദീകരിച്ചത്.
മാൻപവർ പബ്ലിക് അതോറിറ്റി, കുവൈറ്റ് ഹ്യൂമൻ റൈറ്റ്സ് സൊസൈറ്റി, കുട്ടികളുടെ അവകാശങ്ങൾക്കായുള്ള സ്റ്റാൻഡിംഗ് കമ്മിറ്റി എന്നിവയുമായി സഹകരിച്ച് ബാലവേലയ്ക്കെതിരെ പരിശോധന കാമ്പയിൻ ആരംഭിച്ചു. തൊഴിലിടങ്ങളിലെ പരിശോധനയ്ക്കൊപ്പം പൊതുജനങ്ങളിൽ ബോധവൽക്കരണ പരിപാടികളും നടത്തുന്നുണ്ട്.