മഡ്രിഡ്: പരിശീലക സ്ഥാനത്തു നിന്ന് തന്നെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഫുട്ബോൾ ഫെഡറേഷനു മെയിൽ അയച്ച 15 താരങ്ങളെ ടീമിനു പുറത്താക്കി സ്പെയിൻ വനിതാ ഫുട്ബോൾ ടീം പരിശീലകൻ ഹോർഹെ വിൽഡയുടെ പ്രതികാരം. ബലോൻ ദ് ഓർ പുരസ്കാര ജേതാവ് ബാർസയുടെ അലക്സിയ പ്യുട്ടയാസും ടീമിലില്ലെങ്കിലും പരുക്കു മൂലമാണെന്നാണ് വിശദീകരണം നൽകുന്നത്. ഒഴിവാക്കിയ താരങ്ങൾക്ക് പകരമായി 5 പുതുമുഖ താരങ്ങളെ സ്വീഡനും യുഎസിനും എതിരായ മത്സരങ്ങൾക്കുള്ള 23 അംഗ ടീമിലെടുത്തിട്ടുണ്ട്
തങ്ങളോട് പരുഷമായി പെരുമാറിയ പരിശീലകനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം കളിക്കാർ ഫെഡറേഷന് കത്തയച്ചിരുന്നു. എന്നാൽ, കളിക്കാരുടെ പ്രതിഷേധം കണക്കിലെടുക്കാതെ ഫെഡറേഷൻ 41കാരനായ വിൽഡയെ പരിശീലകനായി തുടരാൻ അനുവദിച്ചു. ഇതോടെ ടീം വിടുമെന്ന് കളിക്കാർ ഭീഷണി മുഴക്കി. കളിക്കാരുടെ ഇമെയിൽ ലഭിച്ചതായി ഫെഡറേഷൻ സ്ഥിരീകരിച്ചെങ്കിലും അത്തരം നീക്കങ്ങൾ ഒരു തരത്തിലും അനുവദിക്കാനാവില്ലെന്ന് ഫെഡറേഷൻ അറിയിച്ചു. പരിശീലകന് പൂർണ്ണ പിന്തുണയും വാഗ്ദാനം ചെയ്തു. തുടർന്ന് പ്രതിഷേധിച്ച കളിക്കാരെ ടീമിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.