മൊബൈൽ ഫോൺ റീചാർജ് ചെയ്യുന്നതിനു സമാനമായ പ്രീപെയ്ഡ് സ്മാർട്ട് മീറ്റർ സംവിധാനം രാജ്യത്തിന് മുഴുവൻ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ആദ്യഘട്ടം 2023 ഡിസംബർ 31നു മുമ്പ് പൂർത്തിയാക്കണമെന്ന് ഊർജ്ജ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.
ബ്ലോക്ക് തലത്തിൽ മുകളിലുള്ള സർക്കാർ ഓഫീസുകൾ, വ്യാവസായിക, വാണിജ്യ ഉപഭോക്താക്കൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, നഗരപ്രദേശങ്ങളിൽ 15 ശതമാനത്തിലധികം നഷ്ടം സംഭവിച്ച വൈദ്യുതി ഡിവിഷനുകൾ, ഗ്രാമീണ മേഖലകളിൽ 25 ശതമാനത്തിലധികം എന്നിവ ആദ്യ ഘട്ടത്തിൽ ഉൾപ്പെടും. സ്മാർട്ട് മീറ്ററുകൾക്ക് ആവശ്യമായ സാങ്കേതിക സൗകര്യങ്ങൾ 2023 മാർച്ച് 31ന് മുമ്പ് മുൻഗണനാ അടിസ്ഥാനത്തിൽ വർദ്ധിപ്പിക്കണം.
2025 മാർച്ച് 31 നകം എല്ലാ ഉപഭോക്താക്കളെയും പ്രീപെയ്ഡ് സ്മാർട്ട് മീറ്ററുകളാക്കി മാറ്റുകയാണ് ലക്ഷ്യം. അതത് സംസ്ഥാനങ്ങളിലെ റെഗുലേറ്ററി കമ്മീഷനുകൾക്ക് രണ്ട് തവണ മാത്രമേ സമയപരിധി നീട്ടാൻ കഴിയൂ, പരമാവധി ആറ് മാസം വരെ. കാർഷിക ആവശ്യങ്ങൾക്കുള്ള കണക്ഷനുകൾക്ക് ഈ സമയപരിധി ബാധകമല്ലെന്ന് കേന്ദ്രം വിജ്ഞാപനത്തിൽ അറിയിച്ചു.