Spread the love

യൂജിന്‍: ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 200 മീറ്ററിൽ ജമൈക്കയുടെ ഷെറിക ജാക്സൺ സ്വർണം നേടി. 21.45 സെക്കൻഡിൽ ഫിനിഷ് ചെയ്ത ഷെറിക ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ സമയം കുറിച്ചാണ് നേട്ടം സ്വന്തമാക്കിയത്.

ജമൈക്കയുടെ ഷെല്ലി ആൻ ഫ്രേസർ പ്രൈസ് 21.81 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വെള്ളി നേടി. ഏതാനും ദിവസങ്ങൾക്ക് മുമ്പ് 100 മീറ്റർ ഫൈനലിൽ സ്വർണം നേടിയ ഷെല്ലി ആൻ ഫ്രേസർ പ്രൈസിനെയാണ് വെള്ളിയാഴ്ച ഷെരിക്ക മറികടന്നത്. ബ്രിട്ടന്‍റെ ഡിന ആഷർ സ്മിത്ത് 22.02 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വെങ്കലം നേടി.

ഈ വിജയത്തോടെ, ജമൈക്ക വനിതാ സ്പ്രിന്റ് ഇനത്തിൽ ആറ് മെഡലുകളിൽ അഞ്ചെണ്ണം നേടി. 100 മീറ്റർ ഫൈനലിൽ ജമൈക്കയുടെ ഷെല്ലി ആൻ ഫ്രേസർ പ്രൈസ്, ഷെറിക ജാക്സൺ, എലൈൻ തോംസൺ എന്നിവർ യഥാക്രമം സ്വർണവും വെള്ളിയും വെങ്കലവും നേടിയപ്പോൾ 200 മീറ്റർ ഫൈനലിൽ ഷെറിക, ഷെല്ലി ആൻ ഫ്രേസർ എന്നിവർ യഥാക്രമം സ്വർണവും വെള്ളിയും നേടി.

By newsten