പ്രഖ്യാപന വേള മുതൽ ദക്ഷിണേന്ത്യൻ, ബോളിവുഡ് പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘ജവാൻ’. ഷാരൂഖ് ഖാനെ കേന്ദ്രകഥാപാത്രമാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിനെതിരെ കോപ്പിയടി ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു തമിഴ് സിനിമാ നിർമ്മാതാവ്.
സംവിധായകൻ ആറ്റ്ലിക്കെതിരെ തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിലിനെ സമീപിച്ചിരിക്കുകയാണ് മാണിക്കം നാരായണൻ. 2006ൽ പുറത്തിറങ്ങിയ പേരരസ് എന്ന ചിത്രത്തിന്റെ കഥ ജവാൻ കോപ്പിയടിച്ചെന്നാണ് ആരോപണം. വിജയകാന്ത് പേരരസിലെ നായകനായിരുന്നു. മാണിക്കത്തിന്റെ പരാതിയിൽ തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ ഈ മാസം ഏഴിന് ശേഷം അന്വേഷണം ആരംഭിക്കുമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
പേരരസിൽ വിജയകാന്ത് ഇരട്ടവേഷത്തിൽ ആണ് അഭിനയിച്ചത്. ‘ജവാൻ’ എന്ന ചിത്രത്തിൽ ഷാരൂഖ് ഖാനും ഇരട്ട വേഷത്തിൽ പ്രത്യക്ഷപ്പെടുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അതേസമയം, ജവാന്റെ കഥയുമായി ബന്ധപ്പെട്ട വിശദാംശങ്ങളൊന്നും നിർമ്മാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല. മണിരത്നത്തിന്റെ മൗനരാഗവുമായി ആറ്റ്ലിയുടെ രാജാറാണിക്ക് സാമ്യമുണ്ടെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു.