കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷനെതിരെ രൂക്ഷ വിമർശനവുമായി നടൻ ദിലീപ്. മെമ്മറി കാർഡിന്റെ ഹാഷ് മൂല്യം മാറ്റിയതുമായി ബന്ധപ്പെട്ട് ജുഡീഷ്യറിയെ അപമാനിക്കാനാണ് പ്രോസിക്യൂഷന്റെ നീക്കമെന്ന് ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ ആരോപിച്ചു. കേസിൽ തുടരന്വേഷണത്തിന് ഒരുദിവസംപോലും സമയം നീട്ടിനല്‍കരുതെന്നും ദിലീപ് ആവശ്യപ്പെട്ടു. തുടരന്വേഷണത്തിന് മൂന്ന് മാസം കൂടി സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജിയെ ദിലീപ് എതിർത്തിരുന്നു.
കോടതി മെമ്മറി കാർഡ് പരിശോധിച്ചാൽ എന്താണ് തെറ്റെന്നും ദിലീപ് ചോദിച്ചു. കേസിന്റെ ഭാഗമായി ദൃശ്യങ്ങൾ പരിശോധിക്കാൻ കോടതിക്ക് അവകാശമുണ്ട്. കോടതി നടപടിക്രമങ്ങളിലെ വീഴ്ചകൾ പരിശോധിക്കാൻ ഹൈക്കോടതിയുടെ വിജിലൻസ് വിഭാഗത്തിന് മാത്രമേ അധികാരമുള്ളൂവെന്ന് ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു.
മെമ്മറി കാർഡ് ക്രൈംബ്രാഞ്ച് പരിശോധിക്കേണ്ട ആവശ്യമില്ല. കേസുമായി ബന്ധപ്പെട്ട് കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാർഡ് പരിശോധിക്കാൻ ക്രൈംബ്രാഞ്ചിന് എന്ത് അധികാരമാണുള്ളതെന്നും പ്രതിഭാഗം ചോദിച്ചു.