മുംബൈ: നിക്ഷേപകർ ധന, ബാങ്കിങ്, ഐ.ടി ഓഹരികൾ വാങ്ങിക്കൂട്ടിയതിന്റെ കരുത്തിൽ രണ്ടു ശതമാനത്തിനടുത്ത് നേട്ടവുമായി ഇന്ത്യൻ ഓഹരി വിപണി സൂചികകൾ. 1041 പോയന്റ് ഉയർന്ന സെൻസെക്സ് 56,000 നിലവാരം ഭേദിച്ചു. ഒരു അവസരത്തിൽ 56,914 പോയന്റ് വരെ കയറിയ ബി.എസ്.ഇ സൂചിക പിന്നീട് താണ് 56,857ലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റി 287 പോയന്റിന്റെ നേട്ടത്തിൽ 16,929ലെത്തി. ഓഹരിവിപണി ബുധനാഴ്ചയും നേട്ടത്തിലാണ് അവസാനിച്ചത്. ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ് എന്നിങ്ങനെ 10 ശതമാനത്തിലേറെ മൂല്യമുയർന്ന ഓഹരികളാണ് മികച്ച നേട്ടം കൊയ്തത്. ഒപ്പം ടാറ്റ സ്റ്റീൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, ഇൻഫോസിസ്, ടെക് മഹീന്ദ്ര, നെസ്ലെ എന്നിവയും മുന്നേറി.