Spread the love

ദോഹ: ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് എയിൽ നിന്ന് സെനഗലും നെതർലൻഡ്‌സും  പ്രീക്വാർട്ടറിലേക്ക് കുതിച്ചു. പ്രീക്വാർട്ടർ  ഉറപ്പിക്കാൻ വിജയം അനിവാര്യമായ സെനഗൽ, ഇക്വഡോറിനെ (2-1) ആണ് തളച്ചത്. 

ആതിഥേയരായ ഖത്തറിനെ രണ്ട്‌ ഗോളിന്‌ തോൽപിച്ചാണ് (2-0) നെതർലൻഡ്‌സ് അവസാന പതിനാറിൽ സ്ഥാനംപിടിച്ചത്. ഇതോടെ രണ്ട് ജയവും ഒരു സമനിലയും നേടി ഏഴ്‌ പോയിന്റോടെ ഡച്ചുകാർ ഗ്രൂപ്പ്‌ ‘എ’യിൽ ഒന്നാമതെത്തി. രണ്ട് ജയവും ഒരു തോൽവിയും അടക്കം ആറ്‌ പോയിന്റോടെ സെനെഗൽ രണ്ടാമതായി. നേരത്തെ ഖത്തറിനെ വീഴ്ത്തുകയും നെതർലൻഡ്സിനെ സമനിലയിൽ തളയ്ക്കുകയും ചെയ്ത ഇക്വഡോറിന് എന്നാൽ സെന​ഗലിന്റെ കരുത്തിന് മുന്നിൽ കീഴടങ്ങേണ്ടിവന്നു. നാല്‌ പോയിന്റ്‌ നേടിയ ഇക്വഡോർ മൂന്നാം സ്ഥാനത്തൊതുങ്ങി.  

ഇസ്‌മയില സാർ (44), കാലിഡു കൂലിബാലി (70) എന്നിവരാണ് സെനഗലിനായി ഗോൾ നേടിയത്. ഇക്വഡോറിന്റെ ഗോൾ മോയ്‌സ് കയ്സെഡോ (67) നേടി. ഇക്വഡോർ സമനിലഗോൾ കണ്ടെത്തി വെറും മൂന്നു മിനിറ്റിനുള്ളിൽ തിരിച്ചടിച്ചാണ് സെനഗൽ കരുത്ത് കാട്ടിയത്. കോഡി ഗാപ്‌കോയും ഫ്രെംഗി ഡി യോങുമാണ്‌ നെതർലാൻഡ്‌സിനായി ഗോളടിച്ചത്‌.

By newsten