കൊച്ചി: സമൂഹത്തിലെ വലിയൊരു വിഭാഗം വനിതകൾക്കു കരിയർ താൽപര്യങ്ങൾക്കു മുൻഗണന നൽകാൻ കഴിയാത്ത സാഹചര്യമുണ്ടെന്നു എംപി ശശി തരൂർ. “ഓൺലൈൻ പ്ലാറ്റ്ഫോമുകൾ സ്ത്രീകളുടെ സ്വാശ്രയത്വവും സുരക്ഷിതത്വവും വർധിപ്പിക്കാൻ സഹായിച്ചിട്ടുണ്ട്. രാത്രിയിൽ ജോലി ചെയ്യുന്നവർക്ക് ഇന്ന് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ അതു നിർവഹിക്കാം.” ശശി തരൂർ പറഞ്ഞു. തുല്യ വേതനവും കൂടുതൽ അവസരങ്ങളും സ്ത്രീകൾക്കു ലഭിക്കാൻ സാങ്കേതികവിദ്യയിലെ മുന്നേറ്റം സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ടൈ കേരളയും വുമൺ ഒൻട്രപ്രനർ നെറ്റ്‌വർക്കും സംഘടിപ്പിച്ച വിമൻ ഇൻ ബിസിനസ് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക ശാക്തീകരണത്തിലൂടെ മാത്രമേ സ്ത്രീകൾ നേരിടുന്ന വിവേചനം അവസാനിപ്പിക്കാൻ കഴിയൂവെന്ന് കോൺക്ലേവിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. സ്ത്രീകൾക്ക് വിജയകരമായി നടപ്പാക്കാൻ കഴിയുന്ന വനിതാ സംരംഭകത്വം, മുന്നേറ്റം, സംരംഭകത്വ മാതൃകകൾ എന്നിവ സമ്മേളനം ചർച്ച ചെയ്തു.