മുംബൈ: ഇന്ധനവിലയിൽ ഞെട്ടിയ പൊതുജനങ്ങൾ ഇലക്ട്രിക് വാഹനങ്ങളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയാണ്. എന്നാൽ ആവശ്യാനുസരണം ഇലക്ട്രിക് വാഹനങ്ങൾ ലഭ്യമല്ലെന്ന പരാതി വ്യാപകമാണ്. ഇലക്ട്രിക് സ്കൂട്ടർ വിപണിയിലെ ആ പരാതി അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഒല ഇലക്ട്രിക്. ഓർഡർ നൽകി രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ വാഹനം പടിവാതിൽക്കൽ എത്തുന്ന പദ്ധതി നടപ്പാക്കാനാണ് നിർമ്മാതാക്കൾ പദ്ധതിയിടുന്നത്. ഇതിനായി പ്രത്യേക കർമ്മ പദ്ധതികൾ ആരംഭിച്ചതായി ഒല സിഇഒ ഭവിഷ് അഗർവാൾ പറഞ്ഞു.
അടുത്ത ആഴ്ച മുതൽ ചുരുങ്ങിയ കാലയളവിനുള്ളിൽ ഇന്ത്യയിൽ എല്ലായിടത്തും ഗുണഭോക്താവിന് ഉൽപ്പന്നങ്ങൾ എത്തിക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഡെലിവറിക്ക് തെരഞ്ഞെടുക്കുന്ന നഗരങ്ങൾ ആശ്രയിച്ച് കാലയളവിൽ ചാഞ്ചാട്ടമുണ്ടായേക്കാം. ആവശ്യമുള്ളവർക്ക് കമ്പനിയുടെ എക്സ്പീരിയൻസ് സെന്‍റർ ഓൺലൈനിൽ സന്ദർശിച്ച് വാഹനം ബുക്ക് ചെയ്യാനുള്ള സൗകര്യം ഇപ്പോഴുണ്ട്. ഓൺലൈൻ ആയും ടെസ്റ്റ് റൈഡിന് ശേഷവും വാഹനം ബുക്ക് ചെയ്യാം.
വിപണിയിൽ ഏറ്റവും വേഗത്തിൽ 100,000 ഇലക്ട്രിക് സ്കൂട്ടറുകൾ എത്തിച്ച കമ്പനിയാണ് ഒല. തമിഴ്നാട്ടിലെ ഒരു നിർമ്മാണ യൂണിറ്റിൽ നിന്നാണ് നിർമ്മാണം തികച്ചത്. കഴിഞ്ഞ ജനുവരി മുതൽ ഒൻപത് മാസത്തിനുള്ളിൽ 70,000 യൂണിറ്റ് വാഹനമാണ് വിൽക്കാൻ കമ്പനിക്ക് കഴിഞ്ഞത്. ഈ വർഷം മാത്രം ഒരു ലക്ഷം എന്ന പുതിയ നാഴികക്കല്ലിനായി കമ്പനി കഠിന പരിശ്രമത്തിലാണ്.