ജിദ്ദ: സൗദി അറേബ്യ 92-ാമത് ദേശീയ ദിനം ആഘോഷിക്കുന്നു. തലസ്ഥാന നഗരിയായ റിയാദിലെയും മറ്റ് പ്രധാന നഗരങ്ങളിലെയും റോഡുകളും പൊതുസ്ഥലങ്ങളും സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും ചിത്രങ്ങളാൽ അലങ്കരിച്ചു.
രാജ്യത്തുടനീളമുള്ള ചെറുതും വലുതുമായ നഗരങ്ങളിലും ഗവർണറേറ്റുകളിലും സൗദി പതാകകൾ പറന്നു. ലക്ഷക്കണക്കിന് പൗരൻമാർ അഭിമാനത്തിന്റെ മഹത്തായ ദിനം ആഘോഷിക്കാൻ എത്തി. എല്ലാ സർക്കാർ കെട്ടിടങ്ങൾ, പൊതുസ്ഥലങ്ങൾ, വീടുകൾ, വാഹനങ്ങൾ എന്നിവയ്ക്ക് മുന്നിലും ദേശീയ പതാക ഉയർന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈവിധ്യമാർന്ന ആഘോഷങ്ങൾ നടക്കുന്നുണ്ട്. വിവിധ പ്രവർത്തനങ്ങളും പരിപാടികളിലും പൗരൻമാരും പ്രവാസികളും പങ്കെടുക്കുന്നു. കഴിഞ്ഞ ശനിയാഴ്ച ആഘോഷങ്ങൾ ആരംഭിച്ചത് മുതൽ രാജ്യത്തുടനീളം ആവേശം അലയടിക്കുകയാണ്. യഥാർത്ഥ ദേശസ്നേഹം പ്രകടിപ്പിക്കാനുള്ള സവിശേഷമായ നിമിഷമായാണ് ആളുകൾ ഈ ദിവസത്തെ കാണുന്നത്.