ജിദ്ദ: ദേശീയ ദിനം ഉൾപ്പെടെ എല്ലാ സമയത്തും വാണിജ്യ ഉൽപ്പന്നങ്ങളിൽ രാജ്യത്തിന്റെ പതാകയും മുദ്രാവാക്യവും ഉപയോഗിക്കുന്നത് നിരോധിച്ച് സൗദി. പ്രസിദ്ധീകരണങ്ങൾ, ചരക്കുകൾ, ഉൽപ്പന്നങ്ങൾ, ബ്രോഷറുകൾ, പ്രത്യേക സമ്മാനങ്ങൾ എന്നിവയുൾപ്പെടെയുള്ള വാണിജ്യ പ്രചാരണങ്ങൾക്കായി സൗദി അറേബ്യൻ പതാക ഉപയോഗിക്കുന്നതാണ് വാണിജ്യ മന്ത്രാലയം നിരോധിച്ചത്. കൂടാതെ, നേതൃത്വത്തിന്റെയും ഉദ്യോഗസ്ഥരുടെയും ചിത്രങ്ങളും വാണിജ്യ ഇടപാടുകളിൽ അവരുടെ പേരുകളും പബ്ലിസിറ്റിക്കായി ഉപയോഗിക്കരുത്.
നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും. ഇത്തരം നിയമലംഘനങ്ങൾ നിയന്ത്രിക്കാൻ രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലെയും സ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രാലയം വിശദീകരിച്ചു. വാണിജ്യ ഇടപാടുകളിൽ രാജ്യത്തിന്റെ ചിഹ്നമായ രണ്ട് വാളുകളും ഈന്തപ്പനയും ഉപയോഗിക്കുന്നത് നിരോധിച്ച് നാല് വർഷം മുമ്പ് വ്യാപാര സ്ഥാപനങ്ങൾക്ക് സർക്കുലർ നൽകിയിരുന്നു.