Spread the love

മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്യുന്ന ‘റോഷാക്ക്’ ഒക്ടോബർ ഏഴിന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ സെൻസറിംഗ് പൂർത്തിയായി, ക്ലീൻ യുഎ സർട്ടിഫിക്കറ്റ് ചിത്രത്തിന് ലഭിച്ചു. അമ്പരപ്പിന്റെയും ഭയത്തിന്റെയും ഭാവങ്ങളോടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോയും ട്രെയിലറും പ്രേക്ഷകർക്കിടയിൽ ജിജ്ഞാസ ഉയർത്തിയിരുന്നു.

‘റോഷാക്ക്’ എന്ന ചിത്രത്തിലൂടെയുള്ള ലൂക്ക് ആന്റണിയുടെ വരവിന് പിന്നിലെ കാരണം അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. സോഷ്യൽ മീഡിയയിൽ ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്നതും കാണാം. വൈറ്റ് റൂം ടോര്‍ച്ചറിനെ പറ്റിയുള്ള ചർച്ചകൾ കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞിരിക്കുകയാണ്, സിനിമ പ്രതികാരത്തിന്റെ കഥയാണെന്നാണ് ചില അനുമാനങ്ങൾ.

തന്റെ ആദ്യചിത്രമായ ‘കെട്ട്യോളാണ് എന്റെ മാലാഖ’ വമ്പന്‍ വിജയമാക്കി തീര്‍ത്ത നിസാം ബഷീര്‍ ഒരുക്കുന്ന മമ്മൂട്ടിയുടെ ത്രില്ലര്‍ ചിത്രം ‘റോഷാക്കി’ന്റെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനി തന്നെയാണ്. കൊച്ചിയിലും ദുബായിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടത്തിയത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സമീർ അബ്ദുൾ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

By newsten