മലപ്പുറം: കനത്ത മഴയിൽ കോഴിക്കോട് കൊടുവള്ളി പുള്ളാവൂരില്‍ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കൂറ്റൻ കട്ടൗട്ടും സ്ഥാപിച്ചു. നേരത്തെ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്‍റെയും കട്ടൗട്ടുകൾക്ക് തൊട്ടടുത്താണ് റൊണാൾഡോയുടെ ആരാധകർ കട്ട് ഔട്ട് ഉയർത്തിയത്. ഒരു ഉത്സവാന്തരീക്ഷമാണ് ഇപ്പോൾ പ്രദേശത്ത് നിലനിൽക്കുന്നത്. മെസിയുടെയും നെയ്മറിന്‍റെയും കട്ടൗട്ടുകളേക്കാൾ ഉയരമുണ്ട് റൊണാൾഡോയുടെ കട്ടൗട്ടിന്. ഇതോടെ പുള്ളാവൂരില്‍ ഫുട്ബോൾ മാന്ത്രിക ത്രയം തലയുയർത്തി നിൽക്കുന്നു.
അതേസമയം, പുള്ളാവൂർ പുഴയിൽ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്‍റെയും കട്ടൗട്ടുകൾ തൽക്കാലം നീക്കം ചെയ്യില്ല. കൊടുവള്ളി നഗരസഭയുടെ കീഴിലാണ് കട്ടൗട്ട് സ്ഥാപിച്ച സ്ഥലം.
ലോകകപ്പ് ആരാധകർക്കൊപ്പമാണെന്നും നിയമപ്രശ്നം ഉണ്ടായാൽ ആ ഘട്ടത്തിൽ നിയമ നടപടി സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും കൊടുവള്ളി മുനിസിപ്പൽ ചെയർമാൻ പറഞ്ഞു. കട്ടൗട്ട് നീക്കം ചെയ്യുന്നത് ശരിയല്ലെന്ന് ചാത്തമംഗലം പഞ്ചായത്തും വ്യക്തമാക്കി.