ലണ്ടൻ: വിരാട് കോലിയെ പിന്തുണച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മ രംഗത്തെത്തി. കോലിയെപ്പോലൊരു കളിക്കാരന് ഫോമിലേക്ക് തിരിച്ചെത്താൻ കുറച്ച് ഇന്നിംഗ്സുകൾ മതിയെന്ന്, രോഹിത് ശർമ്മ പറഞ്ഞു. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചർച്ച കോലിയെക്കുറിച്ചാണോ എന്ന് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ രോഹിത് ശർമ്മയുടെ മറുപടി ഇങ്ങനെയായിരുന്നു, “എന്തുകൊണ്ടാണ് ഇങ്ങനെയൊരു ചർച്ച നടക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല.
“കോലി വർഷങ്ങളായി ക്രിക്കറ്റിലുണ്ട്. ഫോമിലേക്ക് മടങ്ങിവരാൻ അദ്ദേഹത്തിന് ഒന്നോ രണ്ടോ മത്സരങ്ങൾ ആവശ്യമാണെന്ന് ഞാൻ കരുതുന്നു. കോലിയുടെ ഫോമിനെക്കുറിച്ച് പുറത്ത് ധാരാളം ചർച്ചകൾ നടക്കുന്നുണ്ടെന്ന് എനിക്കറിയാം. എന്നാൽ എല്ലാ കളിക്കാരുടെയും കരിയറിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകുമെന്ന് മനസ്സിലാക്കണം. എന്നാൽ കളിക്കാരുടെ മികവ് എല്ലായ്പ്പോഴും നിലനിൽക്കും. എല്ലാ കളിയിലും സ്ഥിരതയോടെ കളിക്കുന്ന ഒരു കളിക്കാരനും ഇല്ലെന്നും രോഹിത് ശർമ പറഞ്ഞു.
നേരത്തെയും വിരാട്ടിനെ പിന്തുണച്ച് രോഹിത് ശർമ രംഗത്തെത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ 25 പന്തിൽ നിന്ന് 16 റൺസ് മാത്രമാണ് കോലിക്ക് നേടാനായത്. പരിക്ക് കാരണം വിരാട് ആദ്യ ഏകദിനത്തിൽ കളിച്ചിരുന്നില്ല. പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമും താരത്തെ പിന്തുണച്ച് രംഗത്തെത്തി.