Spread the love

മിര്‍പുര്‍: ഏകദിനത്തിൽ 500 സിക്സറുകൾ അടിക്കുന്ന ആദ്യ ഇന്ത്യൻ താരമായി രോഹിത് ശർമ. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ താരവും രോഹിതാണ്. ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിലാണ് ഇന്ത്യൻ നായകൻ റെക്കോർഡ് ബുക്കിൽ ഇടം നേടിയത്.

വെസ്റ്റ് ഇൻഡീസ് ബാറ്റ്സ്മാൻ ക്രിസ് ഗെയ്ൽ നേരത്തെ ഈ നേട്ടം കൈവരിച്ചിരുന്നു. 553 സിക്സറുകളാണ് ഗെയ്ലിന്‍റെ പേരിലുള്ളത്. പാകിസ്താന്‍റെ മുൻ താരം ഷാഹിദ് അഫ്രീദിയാണ് മൂന്നാം സ്ഥാനത്ത്. 476 സിക്സറുകൾ. മുൻ ന്യൂസിലൻഡ് താരം ബ്രണ്ടൻ മക്കല്ലത്തിന്‍റെ പേരിൽ 398 സിക്സറുകൾ ഉണ്ട്. 383 സിക്സറുകളുമായി മാർട്ടിൻ ഗപ്റ്റിൽ അഞ്ചാം സ്ഥാനത്താണ്. 359 സിക്സറുകളാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണിയുടെ പേരിലുള്ളത്.

ബംഗ്ലാദേശിനെതിരെ പരിക്കേറ്റ വിരലുമായി രോഹിത് ഒമ്പതാം നമ്പറിൽ ബാറ്റ് ചെയ്യാനെത്തിയപ്പോൾ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 28 പന്തിൽ മൂന്നു ബൗണ്ടറികളുടെയും അഞ്ചു സിക്സറുകളുടെയും അകമ്പടിയോടെ 51 റണ്‍സെടുത്ത് അദ്ദേഹം പുറത്താകാതെ നിന്നു. അവസാന രണ്ട് പന്തിൽ ജയിക്കാൻ ഇന്ത്യക്ക് 12 റണ്‍സ് ആണ് വേണ്ടിയിരുന്നത്. ആദ്യ പന്തിൽ തന്നെ രോഹിത് സിക്സർ പറത്തി. എന്നാൽ അവസാന പന്തിൽ ആറ് റൺസ് കണ്ടെത്താനായില്ല. മത്സരത്തിൽ ഇന്ത്യ 5 റൺസിന് തോറ്റു. ബംഗ്ലാദേശ് പരമ്പര നേടി.

By newsten