ഭിന്നശേഷിക്കാരായ കുട്ടികൾക്കും മാതാപിതാക്കൾക്കുമെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിൽ ക്ഷമ ചോദിച്ച് സംവിധായകൻ ഷാജി കൈലാസും നടൻ പൃഥ്വിരാജും. സംഭാഷണം ഒരു കൈപ്പിഴയാണെന്നും മാനുഷികമായ തെറ്റിന് ക്ഷമിക്കണമെന്നും ഷാജി കൈലാസ് ഫേസ്ബുക്കിൽ അഭ്യർത്ഥിച്ചു. അത്തരമൊരു ഡയലോഗ് എഴുതിയപ്പോൾ തിരക്കഥാകൃത്ത് ജിനുവോ നായകനായ പൃഥ്വിരാജോ ആ രംഗം ഒരുക്കുമ്പോൾ ഞാനോ അതിലെ മറ്റ് വശങ്ങളെക്കുറിച്ച് ചിന്തിച്ചില്ല. ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളുടെ പ്രവർത്തികളുടെ ഫലമാണ് അവർ അനുഭവിക്കുന്നത് എന്ന സംഭാഷണത്തിൽ ഒരിക്കലും ആ അർത്ഥമില്ലെന്നും തങ്ങളുടെ വിദൂരമായ ചിന്തകളിൽ പോലും അത്തരമൊരു കാര്യം ഇല്ലെന്നും ഷാജി കൈലാസ് എഴുതി.
ഷാജി കൈലാസിന്‍റെ പോസ്റ്റ് ഷെയർ ചെയ്താണ് പൃഥ്വിരാജ് ക്ഷമാപണം നടത്തിയത്. മാപ്പ്, അതൊരു തെറ്റായിരുന്നു, ഞങ്ങള് അത് മനസിലാക്കുന്നു, അംഗീകരിക്കുന്നു എന്ന് പൃഥ്വിരാജ് കുറിച്ചു. ചിത്രത്തിൽ വിവേക് ഒബ്റോയ് അവതരിപ്പിച്ച വില്ലൻ കഥാപാത്രവുമായി പൃഥ്വിരാജ് നടത്തിയ സംഭാഷണം വിവാദമായിരുന്നു. നമ്മൾ ചെയ്തു കൂട്ടുന്നതിന്റെയൊക്കെ ചിലപ്പോ അനുഭവിക്കുന്നത് നമ്മുടെ തലമുറകളായിരിക്കും എന്നയിരുന്നു ഡയലോഗ്. സംഭവം വിവാദമായതോടെ സംസ്ഥാന വികലാംഗ കമ്മീഷണർ അണിയറ പ്രവർത്തകർക്ക് നോട്ടീസ് അയച്ചിരുന്നു.