Spread the love

കടക്കെണിയിലായ ഫ്യൂച്ചര്‍ റീട്ടെയിലിന്റെ ആസ്തികൾ ഏറ്റെടുക്കാനൊരുങ്ങി റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സ്. റിലയൻസിന് പുറമെ അദാനി ഗ്രൂപ്പ് ഉൾപ്പെടെ 15ഓളം പേർ ഫ്യൂച്ചറിനായി താൽപ്പര്യപത്രം സമർപ്പിച്ചിട്ടുണ്ട്. ഫ്ലമിംഗോ ഗ്രൂപ്പുമായുള്ള സംയുക്ത സംരംഭമായ ഏപ്രിൽ മൂൺ റീട്ടെയിലിലൂടെ ഫ്യൂച്ചറിന്‍റെ ആസ്തികൾ സ്വന്തമാക്കാനാണ് അദാനി ഗ്രൂപ്പ് ശ്രമിക്കുന്നത്.

എന്നാൽ റിലയന്‍സും അദാനി ഗ്രൂപ്പും ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ഫ്യൂച്ചർ ഗ്രൂപ്പിന്‍റെ ആസ്തികൾ 24,700 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ റിലയൻസ് നേരത്തെ സമ്മതിച്ചിരുന്നുവെങ്കിലും 2022 ഏപ്രിലിൽ പിൻവാങ്ങുകയായിരുന്നു. ഫ്യൂച്ചറില്‍ 49 ശതമാനം ഓഹരി പങ്കാളിത്തമുള്ള ആമസോൺ ഫയൽ ചെയ്ത കേസുകളുടെ പശ്ചാത്തലത്തിലായിരുന്നു റിലയൻസിന്‍റെ തീരുമാനം.

2022 ജൂലൈയിൽ നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ കമ്പനിക്കെതിരെ പാപ്പരത്ത നടപടികൾ ആരംഭിക്കാൻ ഉത്തരവിട്ടു. ഫ്യൂച്ചറിന് 21,451 കോടി രൂപയുടെ ബാധ്യതയുണ്ട്. ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് കമ്പനിയായ ബിഎന്‍വൈ മെലോണിന് ഫ്യൂച്ചർ 4,670 കോടി രൂപ നൽകാനുണ്ട്. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ (2,002 കോടി രൂപ), ബാങ്ക് ഓഫ് ബറോഡ (1,856 കോടി രൂപ), സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ (1,657 കോടി രൂപ), ആക്സിസ് ട്രസ്റ്റി (1,266 കോടി രൂപ) എന്നിവർക്ക് ഫ്യൂച്ചർ പണം തിരികെ നൽകണം.

By newsten