Spread the love

ന്യൂഡല്‍ഹി: നവംബർ 11ന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ വിദേശ നാണ്യ കരുതൽ ശേഖരം 14.7 ബില്യൺ ഡോളർ വർദ്ധിച്ചു. 2021 ഓഗസ്റ്റിന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിവാര വളർച്ചയാണിത്. ഐഎംഎഫിൽ നിന്ന് കോവിഡുമായി ബന്ധപ്പെട്ട ധനസഹായത്തെ തുടർന്ന് 2021 ഓഗസ്റ്റിൽ അവസാനിച്ച ആഴ്ചയിൽ വിദേശനാണ്യ കരുതൽ ശേഖരം 16.7 ബില്യൺ ഡോളർ ഉയർന്നു.

വിദേശ വിപണിയിൽ നിന്ന് റിസർവ് ബാങ്ക് ഏകദേശം 8 ബില്യൺ ഡോളർ വാങ്ങിയതാണ് നിലവിലെ വർദ്ധനവിന്‍റെ പ്രധാന കാരണം. റിസർവ് ബാങ്കിന്‍റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 544.72 ബില്യൺ ഡോളറാണ്. ഇതിൽ 482.52 ബില്യൺ ഡോളർ വിദേശ കറൻസിയാണ്. സ്വർണ്ണ ശേഖരം 2.63 ബില്യൺ ഡോളർ ഉയർന്ന് 39.69 ബില്യൺ ഡോളറിലെത്തി.

ഡോളർ ഇതര കറൻസികളുടെ ഉയർന്ന മൂല്യവും വിദേശ നിക്ഷേപങ്ങളും വിദേശനാണ്യ കരുതൽ ശേഖരം വർദ്ധിക്കാനുള്ള മറ്റ് കാരണങ്ങളാണ്. നിലവിൽ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 81.52 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. നവംബറിൽ ഇതുവരെ 30,385 കോടി രൂപയുടെ വിദേശ പോർട്ട്ഫോളിയോ നിക്ഷേപം (എഫ്ഡിഐ) രാജ്യത്ത് എത്തിയിട്ടുണ്ട്.

By newsten