ഒഡീഷ: ഒഡീഷയിലെ ഭദ്രക് സ്വദേശികളായ ഒരു കൂട്ടം മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ചത് ലക്ഷങ്ങൾ വിലയുള്ള അപൂർവ മത്സ്യം. 30 കിലോ ഭാരമുള്ള ടെലിയ ഭോല മത്സ്യമാണ് വലയിൽ കുടുങ്ങിയത്. മത്സ്യബന്ധനത്തിനിടെ വലയിൽ കുടുങ്ങിയ മത്സ്യത്തിന് ലേലത്തിൽ മൂന്ന് ലക്ഷം രൂപയാണ് ലഭിച്ചത്. ധർമയിലെ ചാന്ദിനിപൽ ഫിഷിങ് സെന്ററിലാണ് മത്സ്യം ലേലത്തിന് വച്ചത്. വളരെ അപൂർവമായി മാത്രമേ ടെലിയ ഭോല മത്സ്യം വലയിൽ കുടുങ്ങൂ. മത്സ്യം കണ്ടെത്തിയെന്നറിഞ്ഞ് നിരവധി പേരാണ് ഇവിടെ മീനിനെ കാണാൻ എത്തിയത്.
ഭക്ഷണത്തിനായി മാംസം കഴിക്കുന്നതിന് പുറമേ, ടെലിയ ഭോലകളുടെ വയറ്റിൽ നിന്ന് ശേഖരിക്കുന്ന ചില വസ്തുക്കൾ മരുന്നുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നു. അതിനാൽ, വിദേശ വിപണിയിൽ ഈ ഇനം മത്സ്യത്തിന് വലിയ ഡിമാൻഡുണ്ട്. കഴിഞ്ഞ മാസം ബംഗാളിലെ മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയ പെൺമത്സ്യത്തിന്റെ വയറ്റിൽ മുട്ടകളും ഉണ്ടായിരുന്നു. 55 കിലോഗ്രാം ഭാരമുള്ള ഈ മത്സ്യത്തിന്റെ വയറ്റിൽ 5 കിലോ മുട്ടകളുണ്ടായിരുന്നു. അടുത്തിടെ മറ്റൊരു തെല്യ ഭോല മത്സ്യവും ബംഗാളിൽ കണ്ടെത്തിയിരുന്നു. ലേലത്തിൽ മത്സ്യത്തിന് 9 ലക്ഷം രൂപ ലഭിച്ചു. ഈ മത്സ്യം പ്രാദേശികമായി ഖാച്ചർ ഭോല എന്നറിയപ്പെടുന്നു.