ന്യൂഡൽഹി: രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരങ്ങളിൽ ഇനി വനിതാ അമ്പയർമാരും. ജാനകി നാരായൺ, ഗായത്രി വേണുഗോപാലൻ, വൃന്ദ രതി എന്നിവരെയാണ് ഫീൽഡ് അമ്പയർമാരായി നിയമിക്കാൻ ബിസിസിഐ തീരുമാനിച്ചത്. ഡൽഹി സ്വദേശിയായ ഗായത്രി നേരത്തെ ഫോർത്ത് അംപയറായി സേവനമനുഷ്ഠിച്ചിട്ടുണ്ടെങ്കിലും രാജ്യത്ത് ആദ്യമായാണ് പുരുഷൻമാരുടെ മത്സരത്തിൽ സ്ത്രീകൾ ഫീൽഡ് അമ്പയർമാരാകുന്നത്.
നിലവിൽ ഓസ്ട്രേലിയയ്ക്കെതിരായ വനിതാ ടി20 പരമ്പരയിലെ അമ്പയർമാരാണ് ഇവർ മൂന്ന് പേരും. 43 കാരിയായ ഗായത്രി 2019ലാണ് ബിസിസിഐ അമ്പയറുടെ പരീക്ഷ പാസായ ശേഷം ക്രിക്കറ്റിൽ സജീവമായത്. ചെന്നൈ സ്വദേശിയായ ജാനകി നാരായണൻ (36) എഞ്ചിനീയർ ജോലി ഉപേക്ഷിച്ചാണ് ഈ മേഖലയിൽ ചേർന്നത്. മുപ്പത്തിരണ്ടുകാരിയായ വൃന്ദയാണ് ഇവരിൽ ഏറ്റവും ചെറുപ്പം.