ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ മൂന്നാം ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. വെള്ളിയാഴ്ച വീണ്ടും ഹാജരാകാൻ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച രാവിലെയാണ് രാഹുൽ ഡൽഹിയിലെ ഇഡി ആസ്ഥാനത്ത് എത്തിയത്. ഇതുവരെ 30 മണിക്കൂറോളം രാഹുലിനെ എൻഫോഴ്സ്മെൻറ് ചോദ്യം ചെയ്തിട്ടുണ്ട്.
ഇ.ഡി അസിസ്റ്റൻറ് ഡയറക്ടറുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയോട് 23ന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇ.ഡി ഓഫീസിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിനിടെ കോൺഗ്രസ് നേതാക്കൾ ഇഡി ഓഫീസിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ചിരുന്നു.
പ്രവർത്തകരെ പിടികൂടാൻ എഐസിസി ഓഫീസിലേക്ക് അനുവാദമില്ലാതെ കയറിയ പൊലീസുകാർക്കെതിരെ, നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഡൽഹി പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഉൾപ്പെടെ നിരവധി നേതാക്കൾ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.