കുത്തബ് മിനാറിലെ ക്ഷേത്രം പുനരുജ്ജീവിപ്പിക്കണമെന്ന ആവശ്യത്തെ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ എതിർത്തു. 1914 മുതൽ കുത്തബ് മിനാർ ഒരു സംരക്ഷിത സ്മാരകമാണ്, അതിൻറെ ഘടന ഇപ്പോൾ മാറ്റാൻ കഴിയില്ല. കുത്തബ് മിനാർ സംരക്ഷിത സ്മാരകമാക്കുമ്പോൾ അവിടെ ഒരു ആരാധനയും ഉണ്ടായിരുന്നില്ലെന്നും അതിനാൽ ഇവിടെ ആരാധനയ്ക്ക് സൗകര്യം ഒരുക്കണമെന്ന ആവശ്യം ഇപ്പോൾ അംഗീകരിക്കാനാവില്ലെന്നും എഎസ്ഐ വ്യക്തമാക്കി.
ഹിന്ദു, ജൈന വിഗ്രഹങ്ങൾ പുനഃസ്ഥാപിക്കാനും കുത്തബ് മിനാർ സമുച്ചയത്തിൽ ആരാധന നടത്താനും അനുമതി തേടിയുള്ള ഹർജിയിലാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. കുത്തബ് മിനാർ സമുച്ചയത്തിലെ ഖുവ്വത്തുൽ ഇസ്ലാം മസ്ജിദ് 27 ക്ഷേത്രങ്ങൾ തകർത്താണ് നിർമ്മിച്ചതെന്ന് ഹർജിക്കാർ പറയുന്നു. എന്നാൽ ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് എ.എസ്.ഐ പറഞ്ഞു. “കുത്തബ് മിനാർ സമുച്ചയം നിർമ്മിക്കാൻ പഴയ ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെട്ടു എന്നത് ഒരു ചരിത്ര വസ്തുതയാണ്. എന്നാൽ 1914 മുതൽ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചതിനുശേഷം ആരാധന നടക്കുന്നില്ല,” എഎസ്ഐ കൂട്ടിച്ചേർത്തു.
“സ്മാരകം സംരക്ഷിക്കപ്പെട്ട സമയത്ത് ആരാധനാരീതികളൊന്നും ഉണ്ടായിരുന്നില്ല എന്നതിനാൽ സംരക്ഷിത പ്രദേശത്തിൻറെ സ്വഭാവം മാറ്റാൻ ഞങ്ങൾക്ക് കഴിയില്ല. ആരാധന നടത്താൻ ഇപ്പോൾ അനുമതി നൽകാനാവില്ലെന്നും എഎസ്ഐ കോടതിയെ അറിയിച്ചു. നേരത്തെ ഖനന റിപ്പോർട്ട് സമർപ്പിക്കാൻ സാംസ്കാരിക മന്ത്രാലയം എഎസ്ഐയോട് ആവശ്യപ്പെട്ടിരുന്നു. പള്ളിയിൽ നിന്ന് 15 മീറ്റർ അകലെ മിനാരത്തിൻറെ തെക്ക് ഭാഗത്താണ് ഖനനം നടത്താൻ പദ്ധതിയിട്ടിരുന്നത്. മെയ് 21 ശനിയാഴ്ച സാംസ്കാരിക മന്ത്രാലയത്തിലെ സെക്രട്ടറി ഗോവിന്ദ് മോഹൻ ഉദ്യോഗസ്ഥരുമായി നടത്തിയ സന്ദർശനത്തിലാണ് ഈ തീരുമാനങ്ങൾ കൈക്കൊണ്ടത്.