ദോഹ: ഖത്തർ ലോകകപ്പിനിടെ സ്റ്റേഡിയങ്ങളിലും പരിസരങ്ങളിലും മദ്യനിരോധനം ഏർപ്പെടുത്തിയത് വനിതാ കാണികൾക്ക് ശാന്തമായി കളി ആസ്വദിക്കാൻ വഴിയൊരുക്കിയെന്ന് റിപ്പോർട്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വനിതാ കാണികളുടെ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് ദി ടൈംസ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ലോകകപ്പിനായി ഖത്തറിലേക്ക് പോകുന്നതിനെക്കുറിച്ച് ആദ്യം വളരെയധികം ആശങ്കയുണ്ടായിരുന്നുവെന്ന് ‘ഹെർഗെയിം ടൂ’ (ഗെയിം അവളുടേതും കൂടിയാണ്) വക്താവ് എല്ലി മോളോസൻ പറഞ്ഞതായി ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. വനിതാ ഫുട്ബോൾ പ്രേമികൾക്ക് മാച്ച് ഡേ അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു കാമ്പയിനാണ് ഹെർഗെയിം ടൂ. ഖത്തർ ലോകകപ്പ് ഹോം മത്സരങ്ങൾക്ക് മാതൃകയാകുമെന്ന് മൊളോസൺ ഉൾപ്പെടെ ഇംഗ്ലണ്ടിൽ നിന്നുള്ള നിരവധി വനിതാ ആരാധകർ പറയുന്നു.
സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ഖത്തർ ലോകകപ്പ് മറ്റിടങ്ങളിലെ കളികൾക്ക് മാതൃകയാകുമെന്ന് പലരും വിശ്വസിക്കുന്നു. സ്ത്രീകൾക്കും എൽ.ജി.ബി.ടിക്കാർക്കുമെതിരായ ഖത്തറിന്‍റെ വിവേചനം ആരോപിക്കപ്പെടുന്നതിനിടെയാണ് ഇത്തരം റിപ്പോർട്ടുകൾ പുറത്തുവരുന്നത്. സ്റ്റേഡിയങ്ങൾ പ്രതീക്ഷിച്ചതിലും കൂടുതൽ ഊഷ്മളവും ആതിഥ്യ മര്യാദയുള്ളതുമാണെന്ന് പല വനിതാ ആരാധകരും അഭിപ്രായപ്പെടുന്നു.