Spread the love

ദോഹ: ഹിസ് ഹൈനസ് ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഫുട്ബോൾ ലോകത്തെ ഖത്തറിലേക്ക് സ്വാഗതം ചെയ്തു. ലോകമെമ്പാടുമുള്ള ആരാധകർക്ക് വിവേചനമില്ലാതെ ലോകകപ്പ് മത്സരങ്ങൾ ആസ്വദിക്കാൻ വാതിൽ തുറക്കുമെന്ന് അമീർ പറഞ്ഞു. ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് 77-ാമത് യുഎൻ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അമീർ.

അറബ്-മുസ്ലിം രാജ്യത്ത് നടക്കുന്ന ആദ്യ ഫിഫ ലോകകപ്പാണിത്. ചെറുതും ഇടത്തരവുമായ രാജ്യങ്ങളിലൊന്നിന് അസാധാരണമായ വിജയത്തോടെ ആഗോള ഇവന്റുകള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ കഴിയുമെന്നതും വൈവിധ്യത്തിനും ജനങ്ങള്‍ തമ്മിലുള്ള ക്രിയാത്മകമായ ഇടപെടലുകള്‍ക്കുമായി വിശാലമായ അന്തരീക്ഷം പ്രദാനം ചെയ്യാനുള്ള രാജ്യത്തിന്റെ കഴിവ് ലോകം കാണുമെന്നും അദ്ദേഹം പറഞ്ഞു.

ലോകകപ്പിനിടെ ഖത്തറിലേക്കുള്ള എൻട്രി വിസയായി മാറുന്ന ഹയ കാർഡുകളെ കുറിച്ചും അമീർ പരാമർശിച്ചു. ഫുട്ബോൾ ആരാധകരെ ഖത്തർ ജനത ഇരുകയ്യും നീട്ടി സ്വീകരിക്കും. പൗരത്വം, മതം, ആദർശങ്ങൾ എന്നിവ കണക്കിലെടുക്കാതെ പ്രതിബന്ധങ്ങളെ മറികടന്ന് സൗഹൃദത്തിന്‍റെ കൈ നീട്ടാനും ധാരണയുടെ പാലങ്ങൾ നിർമ്മിക്കാനും പൊതു മാനവികത ആഘോഷിക്കുകയുമാണ് ഖത്തറിന്‍റെ കടമയെന്നും അമീർ വിശദമാക്കി.

By newsten