ലോകകപ്പിനോട് അനുബന്ധിച്ച് ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പ്രതിദിനം 14 ഷട്ടിൽ വിമാനങ്ങൾ കൂടി എയർ അറേബ്യ പ്രഖ്യാപിച്ചു. നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ഷട്ടിൽ സർവീസ്.
ലോകകപ്പ് ഖത്തറിന്റെ ടിക്കറ്റ് ഉടമകൾക്ക് മാത്രമേ ഷട്ടിൽ വിമാനങ്ങൾ ഉപയോഗിക്കാൻ കഴിയൂ. ദോഹയിലേക്കുള്ള എയർ അറേബ്യയുടെ പ്രതിദിന ഷെഡ്യൂൾ ചെയ്ത മൂന്ന് വിമാന സർവീസുകൾക്ക് പുറമെയാണ് ഷട്ടിൽ സർവീസ്. ഷട്ടിൽ വിമാനത്തിലെ യാത്രക്കാർക്ക് 10 കിലോഗ്രാം ഹാൻഡ് ബാഗേജ് വീതം വഹിക്കാമെന്ന് എയർ അറേബ്യ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
ഫിഫ ലോകകപ്പ് ടിക്കറ്റ് ഉള്ളവർക്ക് എയർ അറേബ്യയുടെ വെബ്സൈറ്റ് സന്ദർശിച്ചും കോൾ സെന്ററിൽ വിളിച്ചോ ട്രാവൽ ഏജൻസികൾ വഴിയോ ഷാർജയ്ക്കും ദോഹയ്ക്കും ഇടയിൽ ഹൈ ഫ്രീക്വൻസി ഷട്ടിൽ ഫ്ളൈറ്റുകൾ ബുക്ക് ചെയ്യാം. ഷാർജയ്ക്കും ദോഹയ്ക്കും ഇടയിൽ നിലവിലുള്ള മൂന്ന് പ്രതിദിന വിമാന സർവീസുകളുടെ പ്രയോജനം മറ്റ് ഉപഭോക്താക്കൾക്ക് തുടരും.