നവാഗതനായ ബബിത-റിൻ ദമ്പതികള്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘പ്യാലി’ തീയേറ്ററുകളിൽ റിലീസിന് തയ്യാറെടുക്കുകയാണ്. ജൂലൈ 8ന് ചിത്രം തീയേറ്ററുകളിലെത്തും. നടൻ എൻ.എഫ് വർഗീസിന്‍റെ സ്മരണാർത്ഥം ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസും എൻ.എഫ് വർഗീസ് പിക്ചേഴ്സും ചേർന്നാണ് പ്യാലി നിർമ്മിക്കുന്നത്. ബബിതയും റിന്നും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത്.
പ്യാലി എന്ന അഞ്ചുവയസുകാരിയുടേയും അവളുടെ ലോകമായ സിയയുടെയും കഥ ചിത്രം പറയുന്നു. സാഹോദര്യ ബന്ധത്തിന്‍റെ ആഴവും വ്യാപ്തിയും സിനിമ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ടെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു.
ബോളിവുഡ് ബാലതാരം അരവ്യ ശർമ്മയാണ് ചിത്രത്തിൽ പ്യാലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 2020 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ പ്യാലിയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള പുരസ്കാരം അരവ്യയ്ക്കു ലഭിച്ചു. ജോർജ് ജേക്കബ്, ശ്രീനിവാസൻ, മാമുക്കോയ, അപ്പാനി ശരത്, റാഫി, അൽത്താഫ് സലിം, സുജിത് ശങ്കർ, ആടുകളം മുരുകദോസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.