ന്യൂഡൽഹി: പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരികൾ വിറ്റഴിക്കുന്നത് അവയെ നശിപ്പിക്കാനല്ല, ശക്തിപ്പെടുത്താനാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. പ്രൊഫഷണൽ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ ഇവയെ കാര്യക്ഷമമായ സ്ഥാപനങ്ങളാക്കി മാറ്റാനാണ് ഓഹരി വിറ്റഴിക്കലെന്ന് ധനമന്ത്രി പറഞ്ഞു.
1994 നും 2004 നും ഇടയിൽ അത്തരം ഓഹരി വിറ്റഴിക്കലിലൂടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനം മെച്ചപ്പെട്ടുവെന്ന് മന്ത്രി പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി.
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഈ സ്ഥാപനങ്ങളുടെ നിലനിൽപ്പ് ആവശ്യമാണെന്നും കൂടുതൽ സ്ഥാപനങ്ങൾ സൃഷ്ടിക്കണമെന്നും അവർ പറഞ്ഞു. ഓരോ പൊതുമേഖലാ സ്ഥാപനവും അതിന് നേതൃത്വം നൽകാൻ കഴിവുള്ള വ്യക്തികളിലേക്ക് എത്തിച്ചേരുന്നുവെന്ന് കേന്ദ്ര സർക്കാർ ഉറപ്പാക്കുമെന്നും, ഓഹരി വിറ്റഴിക്കൽ ഈ സ്ഥാപനങ്ങൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുകയും കൂടുതൽ നിക്ഷേപം വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും മന്ത്രി വിശദീകരിച്ചു.