അക്ഷയ് കുമാര്‍ ചിത്രം സാമ്രാട്ട് പൃഥ്വിരാജിന്റെ പരാജയത്തിൽ അതൃപ്തി അറിയിച്ച് വിതരണക്കാർ. ജൂൺ മൂന്നിന് റിലീസ് ചെയ്ത ചിത്രത്തിന് തണുത്ത പ്രതികരണമാണ് ലഭിക്കുന്നത്. 250 കോടി ബഡ്ജറ്റിൽ നിർമ്മിച്ച ചിത്രം ബോക്സ് ഓഫീസിൽ 48 കോടി രൂപ മാത്രമാണ് നേടിയത്. ചന്ദ്രപ്രകാശ് ദ്വിവേദി സംവിധാനം ചെയ്ത ചിത്രത്തിൽ സോനു സൂദ്, സഞ്ജയ് ദത്ത്, മാനുഷി ഛില്ലർ എന്നിവരും അഭിനയിക്കുന്നു. ആദിത്യ ചോപ്രയാണ് ചിത്രം നിർമ്മിച്ചത്.
പൃഥ്വിരാജിന് മുമ്പ് അക്ഷയ് കുമാർ ചെയ്ത ചിത്രം ‘ബച്ചൻ പാണ്ഡെ’ ആയിരുന്നു. 180 കോടി ബഡ്ജറ്റിൽ നിർമ്മിച്ച ചിത്രത്തിൻ 68 കോടി രൂപ മാത്രമാണ് നേടാനായത്. ബച്ചൻ പാണ്ഡെയ്ക്കുണ്ടായ നഷ്ടം നികത്താൻ പൃഥ്വിരാജിന് കഴിയുമെന്നായിരുന്നു വിതരണക്കാരുടെ കണക്കുകൂട്ടല്‍. എന്നിരുന്നാലും, സിനിമയുടെ പരാജയത്തോടെ, അവർ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്.
ഒരു സിനിമ പരാജയപ്പെട്ടാൽ, തെലുങ്കിലെയും തമിഴിലെയും വിതരണക്കാരുടെ നഷ്ടം നികത്താൻ അഭിനേതാക്കൾ മുൻകൈയെടുക്കുന്നു. അക്ഷയ് കുമാർ അതിന് തയ്യാറാവണമെന്ന് ബിഹാറിലെ വിതരണക്കാർ ആവശ്യപ്പെടുന്നുണ്ടെന്ന് റിപ്പോർട്ടുണ്ട്.